തിരുവനന്തപുരം:വിമാനത്താവളം ലേലത്തിലെടുക്കാൻ അദാനിയുടെ മരുമകളുടെ സ്ഥാപനത്തിന്റെ നിയമസഹായം തേടിയതിനു പുറമെ, വിമാനത്താവള നടത്തിപ്പിൽ പരിചയമുള്ള വിദേശ പങ്കാളിയെ കണ്ടെത്താൻ ആഗോള ടെൻഡറിനും സർക്കാർ ശ്രമിച്ചിരുന്നു. മൂന്ന് വർഷം 3000 കോടി വീതം വരുമാനമുണ്ടാക്കിയ കമ്പനികളെയാണ് തേടിയത്.
കമ്പനികളെ കണ്ടെത്താനും യോഗ്യതകളും സാങ്കേതിക പരിജ്ഞാനവും നിശ്ചയിക്കാനും നെതർലാൻഡ്സിലെ കെ.പി.എം.ജിയെ ടെക്നിക്കൽ ആൻഡ് ഫിനാൻഷ്യൽ കൺസൾട്ടന്റാക്കി. 1.57കോടി കൺസൾട്ടൻസി ഫീസും നൽകി.
വിമാനത്താവളം കിട്ടുമെന്ന് ഉറപ്പില്ലാത്ത പ്രാരംഭ ഘട്ടത്തിലായിരുന്നു ഇതെല്ലാം.
ഇതിന് പിന്നാലെ ലേലത്തിൽ നിന്ന് കൊച്ചി വിമാനത്താവള കമ്പനിയെ (സിയാൽ) ഒഴിവാക്കി. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ പങ്കെടുത്താൽ രണ്ട് ടെൻഡറിന്റെ ഗുണം ചെയ്യുമെന്നായിരുന്നു ആദ്യധാരണ.
കൺസൾട്ടൻസി കമ്പനിയും അദാനിയുടെ ബന്ധുവിന്റെ നിയമോപദേശവും വന്നതോടെ, സർക്കാർ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കമ്പനി രൂപീകരിച്ചു. ടിയാലിനൊപ്പം, മുഖ്യമന്ത്രി അദ്ധ്യക്ഷനായ സിയാൽ ലേലത്തിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞാണ് സിയാലിനെ ഒഴിവാക്കിയത്.
സമീപിച്ച വിദേശ കമ്പനികൾ
ജർമ്മനിയിലെ ഫ്രാങ്ക്‌ഫുർട്ട് എയർപോർട്ടിലെ ഫ്രാപോർട്ട് എയർപോർട്ട് സർവീസസ് കമ്പനി സർക്കാരിനൊപ്പമോ മറ്റുകമ്പനികളുമായി ചേർന്നോ ലേലത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെട്ടിരുന്നു. ജർമ്മനിയിലെ അവി അലയൻസ്, ആസ്ട്രേലിയയിലും ന്യൂസിലാൻഡിലും പ്രവർത്തിക്കുന്ന ആഗോള ഇൻവെസ്റ്റ്‌മെന്റ് കമ്പനി എ.എം.പി കാപ്പിറ്റൽ, കാനഡയിലെ ബ്രൂക്ക് ഫീൽഡ് അസറ്റ് മാനേജ്മെന്റ് കമ്പനി, ആസ്ട്രേലിയയിലെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും ഫിനാൻഷ്യൽ കമ്പനിയുമായ മാക്വെയർ ഗ്രൂപ്പ്, ഫ്രാൻസിലെ വിമാനത്താവള നടത്തിപ്പുകാരായ എയർപോർട്ട് ഡി പാരിസ്, 16 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള ഇറ്റലിയിലെ ഇൻഫ്രാസ്‌ട്രക്ചർ ആൻഡ് ട്രാൻസ്‌പോർട്ട് കമ്പനി അറ്റ്‌ലാന്റിയ എന്നിവയെ കൺസൾട്ടന്റുമാർ സമീപിച്ചിരുന്നു. വിിമാനത്താവളത്തിന്റെ ആകെയുള്ള 628.70ഏക്കർ സ്ഥലം വികസനത്തിന് പോരെന്നായിരുന്നു അവരുടെ നിലപാട്.
സർക്കാർ കമ്പനിയിലും സ്വകാര്യന്മാർ
ടിയാലിൽ സർക്കാരിന് 26% ഓഹരി മാത്രം. 100രൂപ മുഖവിലയുള്ള 4498 ഓഹരികൾ. കെ.എസ്.ഐ.ഡി.സിക്ക് 500 ഓഹരികളും.
പ്രവാസി വ്യവസായികളുമായി ചേർന്ന് വിമാനത്താവളം ഏറ്റെടുക്കാനും സർക്കാർ ഒരുങ്ങിയിരുന്നു. അദാനിയല്ലാതെ മറ്റ് മുതലാളിമാർക്ക് വിമാനത്താവളം കൈമാറുന്നതിനെ ജീവനക്കാർ എതിർത്തിരുന്നു.
സിയാലിൽ ഇങ്ങനെ
സർക്കാരിന് 32%ഓഹരിയും 100കോടി നിക്ഷേപവും. ഹഡ്കോ, ബി.പി.സി.എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 46%ഓഹരി.19,000 സ്വകാര്യനിക്ഷേപകർ. 760കോടി വാർഷിക വരുമാനം. 185കോടി ലാഭം.