bj

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം വീട്ട് മുറ്റങ്ങളിൽ സത്യഗ്രഹം നടത്തി. നേതാക്കളും പ്രവർത്തകരും അനുഭാവികളും വീടുകളിൽ കുടുംബസമേതം സത്യഗ്രഹത്തിൽ പങ്കെടുത്ത് പ്രതിഷേധിച്ചു. തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർ എസ്.വിജയകുമാരിയും കുടുംബസമേതം സത്യാഗ്രഹത്തിൽ പങ്കാളിയായത് സമരത്തിന് പുതിയ രാഷ്ട്രീയ മാനങ്ങൾ നൽകി.

പാർട്ടി ഓഫീസുകൾ, പ്രധാന കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പ്രതിഷേധം ജ്വലിച്ചു. 30 ലക്ഷത്തിലധികം പേർ സത്യഗ്രഹത്തിൽ പങ്കെടുത്തതായി സി.പി.എം അറിയിച്ചു.

ആദായ നികുതി അടയ്ക്കാത്ത എല്ലാ കുടുംബങ്ങൾക്കും 7500 രൂപ വീതം നൽകുക, പത്ത് കിലോ ഭക്ഷ്യധാന്യം ആറു മാസത്തേക്ക് നൽകുക, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 200 ദിവസത്തെ ജോലി വർദ്ധിപ്പിച്ച വേതനപ്രകാരം നൽകുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്നലെ വൈകിട്ട് 4 മുതൽ 4.30 വരെയായിരുന്നു സത്യഗ്രഹം. കൊടിയും പ്ളക്കാർഡുമേന്തി കുട്ടികൾ മുതൽ വയോധികർ വരെ സമരമിരുന്നു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബസമേതം തിരുവനന്തപുരത്തെ മരുതംകുഴിയിലെ വീട്ടിലും പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയും കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദനും എ.കെ.ജി സെൻററിലും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ തൃശൂരും കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി കണ്ണൂരും സത്യഗ്രഹമിരുന്നു.

# ബി.ജെ.പി കൗൺസിലറും സത്യഗ്രഹമിരുന്നു

തിരുവനന്തപുരം നഗരസഭയിലെ പാൽക്കുളങ്ങര വാർഡിലെ ബി.ജെ.പി കൗൺസിലർ എസ്. വിജയകുമാരി സ്വന്തം വീട്ടിൽ കുടുംബത്തോടൊപ്പം ചെങ്കൊടിയുമേന്തി സത്യഗ്രഹമിരുന്നു. ബി.ജെ.പിയും മോദി സർക്കാരും നാടിനെയും ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണെന്നും മന:സാക്ഷിയുള്ളവർക്ക് ബി.ജെ.പിയിൽ തുടരാൻ കഴിയില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് സത്യഗ്രഹമിരുന്നത്. മുൻ എം.എൽ.എ വി.ശിവൻകുട്ടി വീട്ടിലെത്തി നൽകിയ ചെങ്കൊടിയും പ്ളക്കാർഡുമേന്തിയായിരുന്നു സത്യഗ്രഹം. ശിവൻകുട്ടിയും ഒപ്പം സത്യഗ്രഹമിരുന്നു.

#സസ്‌പെൻഡ് ചെയ്തു

പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയ വിജയകുമാരിയെ അന്വേഷണവിധേയമായി ബി.ജെ.പിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു.