life-mission

തിരുവനന്തപുരം: സർക്കാരിന്റെ ലൈഫ് മിഷനും യു.എ.ഇ ഭരണാധികാരി അദ്ധ്യക്ഷനായ റെഡ്ക്രസന്റും തമ്മിലുള്ള ധാരണാപത്രപ്രകാരമുള്ള വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിന് രണ്ട് സ്വകാര്യകമ്പനികൾക്ക് കരാർ നൽകിയത് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുൽ ജനറൽ.

ഫ്ലാറ്റിനൊപ്പം അഞ്ച് കോടി ചെലവിൽ ആശുപത്രി നിർമ്മാണത്തിനും കരാറൊപ്പിട്ടു. നയതന്ത്ര സ്ഥാപനങ്ങൾക്കോ പ്രതിനിധികൾക്കോ രാജ്യത്ത് സ്വത്തുണ്ടാക്കാനോ കരാർ ഉറപ്പിക്കാനോ അനുമതിയില്ല. 2019ജൂലായ് 11നാണ് ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. യു.എ.ഇയിൽ നിന്ന് വിദേശസഹായം സ്വീകരിക്കാൻ തടസമുള്ളതിനാൽ സന്നദ്ധസംഘടനയായ റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടെന്നാണ് സർക്കാർ വാദം. എന്നാൽ തുടർകരാറുകളിൽ സർക്കാരോ റെഡ്ക്രസന്റോ കക്ഷിയല്ല.

2019 ജൂലായ് 31ന് യൂണിടാക്, സെയിൻ വെഞ്ചേഴ്സ് കമ്പനികളുമായുണ്ടാക്കിയ കരാറുകളിലാണ് കോൺസുൽ ജനറൽ ഒപ്പിട്ടത് . വടക്കാഞ്ചേരിയിലെ തലപ്പള്ളി താലൂക്കിൽ 140 പാർപ്പിട സമുച്ചയവും മാതൃശിശു ആശുപത്രിയും നിർമ്മിക്കാനാണ് കരാർ. ടെൻഡർ മുഖേനയാണ് യുണിടാക്കിനെ തിരഞ്ഞെടുത്തതെന്ന് കരാറിലുണ്ട്. യൂണിടാകുമായുള്ള ഫ്ലാറ്റ് നിർമ്മാണ കരാർ 70 ലക്ഷം യുഎഇ ദിർഹത്തിനാണ്. ഫ്ളാ​റ്റ് സമുച്ചയത്തിന് സമീപത്ത് കുട്ടികൾക്കും അമ്മമാർക്കുമുള്ള ആശുപത്രി പണിയാനാണ് എറണാകുളത്തെ സെന്റ് വെഞ്ചേഴ്സ് എന്ന സ്ഥാപനവുമായുള്ള 30 ലക്ഷം യു.എ.ഇ ദിർഹത്തിന്റെ കരാർ.

പദ്ധതിച്ചെലവ് വഹിക്കുന്നത് റെഡ്ക്റസന്റായിരിക്കുമെന്ന പരാമർശം മാത്രമാണ് കരാറിലുള്ളത്. സംയുക്തപദ്ധതിയായതിനാൽ നിർമ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് സർക്കാർ കൂടി ചേർന്നായിരുന്നു. ഇതിനായി ഉപകരാറുകൾ വേണമെന്ന. ധാരണാപത്രത്തിലെ വ്യവസ്ഥകൾ അട്ടിമറിക്കപ്പെട്ടു. യൂണിടാക് സമർപ്പിച്ച രൂപരേഖ മികച്ചതാണെന്നും അതുമായി മുന്നോട്ട് പോകാമെന്നും 2019 ആഗസ്റ്റിൽ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് റെഡ്ക്രസന്റിന് അയച്ച കത്ത് പുറത്തായതോടെ ,സർക്കാരിന് ഈ അനധികൃത കരാറിന്റെ വിവരങ്ങൾ അറിയാമായിരുന്നുവെന്ന് വെളിവായിട്ടുണ്ട്.