തിരുവനന്തപുരം: ലൈഫ് പദ്ധതിയിലും തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിലും സർക്കാർ നിലപാട് ദുരൂഹത നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.അദാനിയെ പരസ്യമായി എതിർക്കുകയും സ്വകാര്യമായി സഹായിക്കുകയും ചെയ്യുന്ന ഈ സർക്കാരിനോട് യോജിച്ച് പ്രവർത്തിക്കാൻ സാധിക്കില്ല. ഒരേസമയം ഇരയോടൊപ്പം ആണെന്ന് പറയുകയും, വേട്ടക്കാരനോടൊപ്പം ചേർന്ന് ഇരുട്ടിൽ നായാട്ട് നടത്തുകയും ചെയ്യുന്ന കൊള്ള സംഘമായി ഈ സർക്കാർ മാറി.
വിമാനത്താവളത്തിന്റെ കാര്യത്തിൽ നടന്നത് ഒരു ക്രിമിനൽ ഗൂഢാലോചനയാണ്. ലേലത്തിൽ പങ്കെടുക്കാൻ നിയോഗിച്ചത് കെ.എസ്.ഐ.ഡി.സിയെ. അവർ ഉപദേശം തേടിയത് ലേലത്തിൽ പങ്കെടുക്കുന്ന അദാനിഗ്രൂപ്പുമായി ബന്ധമുള്ള മുംബെയിലെ സ്ഥാപനത്തെ. മാത്രമല്ല ഗുജറാത്തിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെയും ഇതിൽ ഉൾപ്പെടുത്തി. വിമാനത്താവള നടത്തിപ്പിൽ പരിചയസമ്പന്നരായ കേരളത്തിലെ സിയാലിനെ ഒഴിവാക്കി. സ്വകാര്യമുതലാളിമാരുടെ താത്പര്യസംരക്ഷകരായ കെ.പി.എം.ജിയേയും കൺസൾട്ടൻസിയിൽ ഉൾപ്പെടുത്തി. സർക്കാരിന്റെ നടപടികളെല്ലാം ദുരൂഹമാണ്.
നിലവിലെ സാഹചര്യത്തിൽ നിയമസഭയിൽ സംയുക്ത പ്രമേയം വേണോ വേണ്ടയോ എന്ന് ഇന്നത്തെ പാർലമെന്ററി പാർട്ടിയോഗം തീരുമാനിക്കും.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടും സർക്കാർ നിലപാട് ദുരൂഹമാണ്. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. കരാറിന്റെ പകർപ്പ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.