marriage

പെൺകുട്ടികളുടെ വിവാഹ പ്രായം പതിനെട്ടു വയസിൽ നിന്ന് ആണുങ്ങളുടേതുപോലെ 21 വയസാക്കുന്നകാര്യം കേന്ദ്രസർക്കാർ ആലോചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രഭാഷണത്തിൽ സൂചിപ്പിക്കുകയുണ്ടായി.അതേക്കുറിച്ചുള്ള വ്യത്യസ്‌ത വീക്ഷണങ്ങളാണ് ചുവടെ. ഭൂരിഭാഗം പേരും ഇരുപത്തിയൊന്നു വയസായി വർദ്ധിപ്പിക്കുന്നതിനോട് യോജിക്കുകയാണ് ചെയ്തത്.

പ്രതികരണങ്ങളിലേക്ക്

-------------------------------------------------------------------

ഉയർത്താം,പക്ഷേ

- മന്ത്രി കെ.കെ.ശൈലജ

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്നും 21 ആയി ഉയർത്തുന്നത് സംബന്ധിച്ച ചർച്ചകൾ സ്വാഗതാർഹമാണ്. ഇത്തരമൊരു തീരുമാനത്തെ എതിർക്കേണ്ടതില്ല. എന്നാൽ ഇക്കാര്യം ഒറ്റരാത്രി കൊണ്ട് സമൂഹത്തിൽ അടിച്ചേൽപ്പിക്കരുത് . കൃത്യമായ ബോധവത്കരണം അനിവാര്യമാണ്. 18 വയസ് പൂർത്തിയായാൽ വിവാഹം നടത്തുന്നത് കാലങ്ങളായി പിന്തുടരുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. വിവാഹപ്രായം ഉയർത്തുന്നത് പെൺകുട്ടികളെ സംബന്ധിച്ച് പഠനത്തിന് കൂടുതൽ സൗകര്യം ലഭിക്കും. ബിരുദപഠനം പൂർത്തിയാക്കി ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുമ്പോൾ വിവാഹം കഴിക്കുന്നത് കുടുംബ ജീവിതം മുന്നോട്ട് നയിക്കാൻ അവരെ സഹായിക്കും.

സ്വയംപര്യാപ്‌തത പ്രധാനം

ഡോ.സി.ജെ.ജോൺ, മാനസികാരോഗ്യ വിദഗ്‌ദ്ധൻ

21 വയസ് വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധിയായി നിശ്ചയിക്കണം. അതേസമയം ശാരീരിക വളർച്ചയെ മാനസിക പക്വതയുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ല. രണ്ടും രണ്ടാണ്. വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് അതിനുള്ള ഉത്തരവാദിത്വബോധവും പക്വതയും തനിക്കുണ്ടോയെന്ന് ഓരോ വ്യക്തിയും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. കെട്ടുപ്രായമായെന്ന് പറഞ്ഞ് ധൃതിപിടിച്ച് കല്യാണം നടത്തുന്നതാണ് നമ്മുടെ രീതി. ഇന്നത്തെ കാലത്ത് പെൺകുട്ടികൾ മികച്ച വിദ്യാഭ്യാസം നേടണം. സ്വയം പര്യാപ്തയായിട്ട് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നതാണ് നല്ലത്.

വിവാഹപ്രായം ഉയർത്തിയതുകൊണ്ട്

ലിംഗസമത്വം ഉണ്ടാവില്ല

എം.സി ജോസഫൈൻ,

ചെയർപേഴ്സൺ,വനിതാ കമ്മിഷൻ

പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്തുന്നതിനോട് എതിർപ്പില്ല. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ വിവാഹപ്രായം ഉയർത്തുന്നതുകൊണ്ട് ലിംഗസമത്വം പ്രാവർത്തികമാകുമെന്ന് വിശ്വസിക്കുന്നില്ല.

വിവാഹപ്രായം കൂട്ടിയാലും ഇല്ലെങ്കിലും മാറ്റം വരേണ്ടത് സ്ത്രീകൾ അനുഭവിക്കുന്ന

ദുരിതാവസ്ഥകൾക്കാണ്. ഗാർഹികപീഡനം കൂടുന്നതല്ലാതെ കുറയുന്നില്ല. പലരും പുറത്ത് പറയുന്നില്ലെന്നേയുള്ളൂ. വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് പോലും അവർക്ക് വേണ്ടിയുള്ള പ്രാഥമിക നിയമങ്ങളെപ്പറ്റി അറിവില്ല. ഇത്തരം കാര്യങ്ങളിലാണ് ആദ്യം മാറ്റം വരേണ്ടത്.

ചർച്ച ചെയ്യാതെ തീരുമാനിക്കരുത്

കെ അജിത ,അന്വേഷി

ചർച്ച ചെയ്യാതെ നടപ്പാക്കാൻ പാടില്ല . എല്ലാ നിയമങ്ങളും ജനങ്ങൾക്ക് വേണ്ടിയാണ്. അതുകൊണ്ട് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതും ജനങ്ങൾക്ക് വേണ്ടിയാവണം. ഒറ്റനോട്ടത്തിൽ ഇതൊരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും ഇതിന്റെ പിന്നിൽ ഹിഡൺ അജണ്ടയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ചർച്ചയും ഇക്കാര്യത്തിൽ നടത്തിയിട്ടില്ല. പാർലമെന്റിൽ പോലും ചർച്ച നടത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാവില്ല.

സ്വാഗതാർഹമല്ല

അഡ്വ. ഫാത്തിമ തഹ്ലിയ

( എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് )

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കണമെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം സ്വാഗതാർഹമല്ല. കാരണം ഇന്ത്യയിൽ പൗരൻ എന്നതിന്റെ മാനദണ്ഡം 21 വയസല്ല. 18 വയസാകുമ്പോൾ വോട്ട് ചെയ്യാം, കോൺട്രാക്ടിൽ ഏർപ്പെടാം, ഭൂമിവാങ്ങിക്കാം എന്നിങ്ങനെ പൗരന് അവകാശം നൽകുമ്പോൾ വിവാഹപ്രായം 21 ആക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ല. മാതൃ- ശിശുമരണങ്ങൾ, പോഷകാഹാരക്കുറവ്, ആരോഗ്യപരമായ കാര്യങ്ങൾ എന്നിവയൊക്കെയാണ് പ്രായപരിധി വർദ്ധിപ്പിക്കാനായി കേന്ദ്രസർക്കാർ പറയുന്നത്. പക്ഷേ ഇതൊന്നും 21 വയസാക്കിയാൽ പരിഹരിക്കാൻ സാധിക്കുന്നതല്ല. വേണ്ടത് ചെയ്യുന്നതിന് പകരം നിയമം കൊണ്ടുവന്ന് വിവാഹപ്രായം ഉയർത്താനുള്ള ശ്രമം ശരിയല്ല.

പ്രശ്നങ്ങൾ യുക്തിയോടെ

കൈകാര്യം ചെയ്യാനാകും

-സൗമിനി ജെയിൻ , കൊച്ചി മേയർ

പതിനെട്ടു വയസിൽ വിവാഹിതയായ ആളാണ് ഞാൻ. എങ്കിലും വിവാഹപ്രായം 21 ആക്കണമെന്ന നിർദ്ദേശത്തോട് യോജിക്കുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് മുൻതലമുറയുടെ അത്ര അറിവും പക്വതയും ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ വയസ് കൂടുന്തോറും സ്വന്തമായി തീരുമാനമെടുക്കാനും അത് ധൈര്യപൂർവം വിളിച്ചു പറയാനും അവർക്ക് തന്റേടമാകും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെ യുക്തിയോടെ കൈകാര്യം ചെയ്യാൻ കഴിയും. നിസാര കാരണങ്ങളുടെ പേരിൽ ജീവിതത്തിൽ ഉലച്ചിലുകൾ ഉണ്ടാവുകയുമില്ല.

ജീവിത പരിചയം കൂട്ടും

റേച്ചൽ വർഗീസ്,

എറണാകുളം സെന്റ് തെരേസാസ്

കോളേജ് ചെയർപേഴ്സൺ

വിവാഹപ്രായം 18 ൽ നിന്ന് 21 ലേക്ക് ഉയർത്താനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. 18 വയസ് ആകുമ്പോഴേക്കും മക്കളെ എങ്ങനെയും കെട്ടിച്ചുവിടാൻ ധൃതി കൂട്ടുന്നവർ ഇപ്പോഴും ഈ നാട്ടിലുണ്ട്. 20 കളിലേക്ക് കടക്കുന്നതോടെ ജോലിയാണോ വിവാഹജീവിതമാണോ വേണ്ടതെന്ന് തീരുമാനിക്കാനുള്ള ജീവിതപരിചയം പെൺകുട്ടികൾക്ക് ഉണ്ടാകും.

കാഴ്ചപ്പാട് മാറ്റും

കൃഷ്ണപ്രിയ എം.എം

(ചെയർപേഴ്സൺ ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്)

വിവാഹപ്രായം ഉയർത്തുന്നതിനെ അംഗീകരിക്കുന്നു. ഇതുവഴി സ്ത്രീയുടെയും പുരുഷന്റെയും വിവാഹപ്രായം ഒന്നാകുകയാണ്. ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ വയസ് കുറവായിരിക്കണമെന്ന സാമൂഹിക കാഴ്ചപ്പാട് മാറ്റാൻ സാധിക്കും. പങ്കാളികൾ എല്ലാ രീതിയിലും തുല്യരായിരിക്കണം. ആൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കാത്തതിന് കാരണം വിവാഹജീവിതം നയിക്കാൻ വേണ്ടത്ര പക്വതയില്ല എന്നതാണ്. അത് പെൺകുട്ടികളുടെ കാര്യത്തിലും ബാധകമാണ്.

കരിയറിന്

ഗുണം ചെയ്യും

അഡ്വ.സംഗീത വിശ്വനാഥൻ,

വൈസ് പ്രസിഡന്റ് ,ബി.ഡി.ജെ.എസ്

'' പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനോട് പൂർണമായും യോജിക്കുന്നു. പതിനെട്ട് വയസ് കരിയർ വളർത്തിയെടുക്കുന്ന സമയമാണ്. ആ സമയത്ത് വിവാഹത്തിലേക്ക് കടക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ കുറച്ചല്ല. എന്നാൽ 21 വയസ് വിവാഹത്തിന് നല്ല സമയമാണ് . കൃത്യമായ കരിയർ തിരഞ്ഞെടുത്ത് സ്വതന്ത്രമായി തീരുമാനമെടുക്കാനുളള പ്രായം കൂടിയാണത്. ''

വിപ്ളവകരമായ ചുവടുവയ്പ്

എം.എസ്.സമ്പൂർണ,

സംസ്ഥാന വൈസ് പ്രസിഡന്റ് , ബി.ജെ.പി,

തൃശൂർ കോർപറേഷൻ കൗൺസിലർ

'' പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്താനുളള കേന്ദ്രസർക്കാരിന്റെ നീക്കത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. സ്ത്രീകളുടെ പുരോഗമനത്തിൽ മോദിസർക്കാർ എടുത്ത നടപടികളുടേയും തീരുമാനങ്ങളുടേയും തുടർച്ചയാണിത്. വിപ്ളവകരമായ ചുവടുവയ്പാണ്. സ്ത്രീകളുടെ ശാക്തീകരണത്തിന് അവരുടെ വിദ്യാഭ്യാസം അടിസ്ഥാനശിലയാണ്. വിദ്യാഭ്യാസമേഖലയിൽ പെൺകുട്ടികളുടെ ചുരുങ്ങിയ ആഗ്രഹങ്ങൾ സഫലമാക്കാനെങ്കിലും ഈ തീരുമാനത്തിലൂടെ കഴിയും.

പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റും

ഗായത്രി പ്രഭ

ചെയർപേഴ്സൺ,

ഗവ.വിമൻസ് കോളേജ് ,

തിരുവനന്തപുരം

വിവാഹപ്രായം 21 വയസായി ഉയർത്തിയാൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിൽ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാകും. പലയിടത്തും മാതാപിതാക്കളുടെ നിർബന്ധപ്രകാരമാണ് പെൺകുട്ടികൾ നേരത്തെതന്നെ വിവാഹത്തിന് സമ്മതിക്കുന്നത്. അവരുടെ പൂർണ ഇഷ്ടത്തോടെയല്ല. 21 വയസ് പൂർത്തിയാകാതെ വിവാഹം കഴിക്കാൻ പറ്റില്ലെന്നാകുമ്പോൾ ഡിഗ്രി വരെയെങ്കിലുമുള്ള വിദ്യാഭ്യാസം പെൺകുട്ടികൾക്ക് ലഭിക്കും. പഠനം തുടരാൻ താത്‌പര്യമുള്ളവർക്ക് പുതിയ നിയമം അനുകൂലമായ സ്ഥിതിവിശേഷം സൃഷ്ടിക്കും.

ആരോഗ്യപ്രശ്നങ്ങൾ ഒഴിവാകും

ഡോ. ശാന്തമ്മ മാത്യു

ഗൈനക്കോളജിസ്റ്റ്, ​തിരുവനന്തപുരം

പെൺകുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയർത്തുകതന്നെ വേണം. ശാരീരിക വളർച്ചയ്ക്ക് പുറമേ മാനസിക പക്വതയും ആർജിച്ച് വിവാഹത്തിലേക്ക് കടക്കുന്നതാണ് ഉത്തമം. പെൺകുട്ടികൾ ജീവിതമെന്തെന്ന് അറിഞ്ഞ് വിവാഹിതയാകണം. ഏറ്റവും പ്രധാനം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുമെന്നുതന്നെയാണ്.

വിവാഹപ്രായം ഉയരുമ്പോൾ ഒരുപാട് ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ പറ്റും. ഒരു പെൺകുട്ടി ചെറുപ്പത്തിൽ വിവാഹിതയാകുമ്പോൾ അവൾക്ക് എങ്ങനെ കുഞ്ഞിനെ ശ്രദ്ധിക്കണമെന്നോ ഗർഭകാലത്തെ അപകടങ്ങളെപ്പറ്റിയോ അറിയില്ല. ഗർഭകാലത്ത് ശരിയായ ശ്രദ്ധയോ ചികിത്സയോ കിട്ടാതെയാകുമ്പോൾ അത് കുഞ്ഞിനെയും ബാധിക്കുന്നു. ചെറിയ പ്രായത്തിൽ വിവാഹിതയും അമ്മയുമാകുന്ന നിരവധി പെൺകുട്ടികൾ അസുഖങ്ങളും ശാരീരിക അസ്വസ്ഥതകളുമായി ജീവിക്കുന്നുണ്ട്.


ആരോഗ്യപരമായി നല്ലത്; പക്ഷേ

ഡോ. ഖദീജ മുംതാസ്

( സാഹിത്യകാരിയും കോഴിക്കോട് ഗവ. മെഡി.കോളേജിലെ

റിട്ട. ഗൈനക്കോളജി പ്രൊഫസറും)

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്നത് ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ വളരെ നല്ലതായിട്ടാണ് ഞാൻ കാണുന്നത്. എന്നാൽ ഇത് നിയമമാക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളിലെയും ആദിവാസി വിഭാഗങ്ങളിലെയും പുരുഷന്മാർ വേട്ടയാടപ്പെടുമോ എന്ന ആശങ്കയുമുണ്ട്.

ആരോഗ്യമായി വളരെ നല്ലതാണ്. സ്ത്രീകളുടെ അസ്ഥികൾക്ക് ഉറപ്പ് വരുവാനും പ്രസവത്തിനായി മാനസികമായി തയ്യാറെടുപ്പ് നടത്താനും ഉപകരിക്കും. ഇന്ത്യയിൽ വ്യത്യസ്ത ആചാരങ്ങളും രീതികളും വച്ച് പുലർത്തുന്ന ഒട്ടേറെ ജനവിഭാഗങ്ങളുണ്ട്. നിയമം വന്നാലും 21 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ധാരാളം വിവാഹങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ട്. ഇത് ഒരു നയമായി എടുത്താൽ ഭരണകൂടത്തിന് ഇവരെ ദ്രോഹിക്കാൻ സാധിക്കും. ബാലപീഡനത്തിന്റെ പേരിൽ പുരുഷന്മാരെ വേട്ടയാടാൻ സാധിക്കും.