നെടുമങ്ങാട് : കിള്ളിയാറിൻ തീരത്ത് നഗരസഭ ഒരുക്കിയ 'ശാന്തിതീരം" ക്രിമിറ്റോറിയത്തിൽ സെക്കൻഡ് ബ്ലോക്കിന്റെ ട്രയൽ റൺ പൂർത്തിയായി. ദിവസേനെ അഞ്ച് മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നത് ഇനി മുതൽ ഇരട്ടിയാക്കും. ഒന്നര വർഷം മുമ്പ് പ്രവർത്തന സജ്ജമായ ഫസ്റ്റ് ബ്ലോക്ക് ഏറെ ഉപകാരപ്രദവും പൊതുജനങ്ങൾക്ക് സ്വീകാര്യവുമായ പശ്ചാത്തലത്തിലാണ് സെക്കൻഡ് ബ്ലോക്കിന്റെ നിർമ്മാണം. ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തി വച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ഉത്തരവിന്റെ അടിസ്ഥാനത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയായിരുന്നു. നഗരസഭയുടെ ബഹുവർഷ പദ്ധതിയിൽ ഉൾപ്പെട്ട 'ശാന്തിതീരം" സെക്കൻഡ് ബ്ലോക്ക് 96.29 ലക്ഷം രൂപ വിനിയോഗിച്ചാണ് യാഥാർത്ഥ്യമാക്കിയത്. സ്ഥല സൗകര്യമൊരുക്കുന്നതിന് 70 ലക്ഷവും മെഷിനറി വിഭാഗത്തിൽ 26 ലക്ഷവും ചെലവഴിച്ചു. നഗരസഭ വിലയാധാരം വാങ്ങിയ 76 സെന്റിൽ സജ്ജീകരിച്ച 'ശാന്തിതീരം" ജില്ലയിൽ തന്നെ പ്രഥമ തദ്ദേശ സംരംഭമാണ്. കേരളീയ വാസ്തുശില്പ ശൈലിയിലാണ് നിർമ്മിതി. പുകപടലമോ, ദുർഗന്ധമോ ഉണ്ടാകാത്ത വിധത്തിൽ ശാസ്ത്രീയമായ രൂപകല്പനയും ശ്രദ്ധേയമാണ്. വീടിന്റെ ചായ്പ്പ് പൊളിച്ചും മുറികളിൽ ശവക്കുഴി തോണ്ടിയും മൃതദേഹം മറവ് ചെയ്തിരുന്ന നെടുമങ്ങാട് താലൂക്കിലെ മലയോര വാസികളുടെ ദുരവസ്ഥയ്ക്ക് കൂടി ശാശ്വത പരിഹാരമാണ് ശാന്തിതീരം.
നഗരസഭ ചരിത്രത്തിലെ നാഴികക്കല്ല്
കൗൺസിൽ രൂപീകരണ നാൾ മുതലുള്ള ആവശ്യമായിരുന്ന പൊതുശ്‌മശാനം എല്ലാവിഭാഗം ആളുകളുടെയും പിന്തുണയോടെ നടപ്പിലാക്കാനായത് നെടുമങ്ങാട് നഗരസഭ ചരിത്രത്തിലെ നാഴികക്കല്ലാണ്. പത്ത് വർഷം മുമ്പ് സ്ഥലം വാങ്ങിയെങ്കിലും ചില കേന്ദ്രങ്ങളുടെ എതിർപ്പിനെ തുടർന്ന് ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോയിരുന്നു. നഗരസഭ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ പരിസരവാസികളുടെ സഹകരണത്തോടെയാണ് ആധുനിക ക്രിമിറ്റോറിയം നിർമ്മിച്ചത്. പദ്ധതി പൂർണാവസ്ഥയിൽ എത്തിയതിന് പിന്നിൽ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെയും മുനിസിപ്പൽ സെക്രട്ടറി സ്റ്റാലിൻ നാരായണന്റെയും കൃത്യമായ ഇടപെടലുകളാണ്. നഗരസഭയ്ക്ക് പുറമെ വെള്ളനാട്,നെടുമങ്ങാട് ബ്ലോക്കുകളുടെ കീഴിലെ ഗ്രാമപഞ്ചായത്തുകൾക്കും ശാന്തിതീരം ആശ്വാസമേകും.
പ്രത്യേകതകൾ