consulate

തിരുവനന്തപുരം: യു.എ.ഇ കോൺസുൽ ജനറലിന്റെ പേരിൽ ലൈഫ് ഫ്ലാറ്റ് നിർമ്മാണത്തിന് കരാറുണ്ടാക്കിയതിന് പിന്നിൽ ഭരണച്ചെലവെന്ന പേരിൽ കമ്മിഷൻ തട്ടാനുള്ള ഗൂഢാലോചനയാണെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വിദേശനയതന്ത്ര പ്രതിനിധിയുടെ പേരിലുണ്ടാക്കിയ ഈ കരാറിന് സാധുതയില്ലെന്നും ഇ.ഡി സംശയമുന്നയിക്കുന്നു.

വിദേശ സഹായത്തോടെയുള്ള പദ്ധതികളിൽ 50% തുക ഭരണച്ചെലവിന് ഉപയോഗിക്കാൻ വിദേശസഹായ നിയന്ത്രണച്ചട്ടം അനുവദിക്കുന്നുണ്ട്. വടക്കാഞ്ചേരി പദ്ധതിക്ക് കേന്ദ്രാനുമതി നേടിയിട്ടില്ലെങ്കിലും, ഈ പഴുത് മുതലെടുക്കാനാണ് കോൺസുൽ ജനറലിന്റെ പേരിൽ കരാറുണ്ടാക്കിയത്. പിടിക്കപ്പെട്ടാൽ, നയതന്ത്ര പരിരക്ഷയുള്ള കോൺസുൽ ജനറലിനെതിരെ കേസും പ്രോസിക്യൂഷനും അസാദ്ധ്യം.

റെഡ്ക്രസന്റ് നൽകിയ 3.2 കോടിയുടെ ആദ്യഗഡു അപ്പാടെ സ്വപ്നയും കൂട്ടരും അടിച്ചെടുത്തത് ഇങ്ങനെയാണ്. കോൺസുലേറ്റിലെ ഫിനാൻസ് ഓഫീസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് ഈ തുക നൽകിയെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ ഇ.ഡിക്ക് നൽകിയ മൊഴി. രണ്ടാം ഗഡുവിൽ നിന്നാണ് സരിത്തിന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് 75 ലക്ഷം രൂപ ട്രാൻസ്‌ഫർ ചെയ്തത്. സ്വപ്നയ്ക്കും സരിത്തിനും ശിവശങ്കറിനുമൊപ്പം കോൺസുലേറ്റിലെ ഉന്നതരും നാലേ കാൽ കോടി കമ്മിഷൻ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി.

ലൈഫ് മിഷനും യു.എ.ഇ ഭരണാധികാരി അദ്ധ്യക്ഷനായ എമിറേറ്റ്സ് റെഡ്ക്രസന്റുമായി ധാരണാപത്രമുണ്ടാക്കിയത് ഇരുപത് കോടിയുടെ വിദേശസഹായം

രാജ്യത്തെത്തിക്കാനായിരുന്നു. ധാരണാപത്രത്തിൽ ഉപകരാറുകൾക്ക് വ്യവസ്ഥയുണ്ടെങ്കിലും കോൺസുലേറ്റിനെ അതിന് ചുമതലപ്പെടുത്തിയിട്ടില്ല.

2019 ജൂലൈ11നാണ് റെഡ്ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടത്. ഇരുപത് ദിവസത്തിനകം ടെൻഡറിലൂടെ കരാറുകാരെ കണ്ടെത്തിയെന്ന വാദം നിലനിൽക്കുന്നതല്ല. ഏതു മാർഗ്ഗത്തിലുള്ള ടെൻഡറാണ് വിളിച്ചതെന്ന് വ്യക്തമല്ല. വിദേശ കോൺസുലേറ്റിന് ഇന്ത്യയിൽ നിർമ്മാണ ടെൻഡർ വിളിക്കാനാവില്ല. നിർമ്മാണകരാറുകാരനെ കോൺസുൽജനറലിന് തീരുമാനിക്കാൻ വടക്കാഞ്ചേരിയിലേത് സ്വതന്ത്ര പദ്ധതിയല്ല. സർക്കാരുമായി ചേർന്നുള്ളതാണ്. ഭൂമിയും കെട്ടിട പെർമിറ്റും സർക്കാരിന്റേതാണ്. ഡിസൈനടക്കം അംഗീകരിച്ചത് ലൈഫ് മിഷനാണ്.

ദുരൂഹതകൾ

*റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ തുടർനടപടികൾ ചീഫ്സെക്രട്ടറിയുടെ ഉന്നതാധികാര സമിതി അംഗീകരിക്കണം.

*കോൺസുൽ ജനറലിന്റെ നിർമ്മാണക്കരാർ ചീഫ്സെക്രട്ടറിയായിരുന്ന ടോംജോസ് അറിഞ്ഞിട്ടും നടപടിയെടുക്കുകയോ കേന്ദ്രത്തെ അറിയിക്കുകയോ ചെയ്തില്ല.

* വടക്കാഞ്ചേരി ഫ്ലാറ്റിന്റെ പെർമിറ്റ് ലൈഫ് മിഷന്റെ പേരിലാണ്. പെർമിറ്റെടുത്തവർ കരാറിന്റെ വിവരങ്ങൾ സർക്കാരിനെ അറിയിച്ചില്ല.

*നിർമ്മാണക്കരാറുണ്ടാക്കാൻ റെഡ്ക്രസന്റ് കോൺസുൽ ജനറലിനെ ചുമതലപ്പെടുത്തിയെന്ന വാദവും നിലനിൽക്കില്ല. വിദേശ നയതന്ത്രപ്രതിനിധിക്ക് ഇന്ത്യയിൽ കരാറൊപ്പിടാനാവില്ല.

*കരാറൊപ്പിട്ടത് 2019 ജൂലായ് 31ന്. കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി പദവിയിൽ നിന്ന് സ്വപ്നയെ പുറത്താക്കിയത് ആഗസ്റ്റ് 31ന്. കമ്മിഷൻ ശേഖരിച്ച ഫിനാൻസ്ഓഫീസർ ഖാലിദിനെയും ഒപ്പം പുറത്താക്കി.