photo

നെടുമങ്ങാട്: ആദായനികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ്‌ മാസത്തേക്ക്‌ 7,500 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാർക്ക്‌ 10 കിലോ ഭക്ഷ്യധാന്യം ആറുമാസത്തേക്ക്‌ നൽകുക, തൊഴിലുറപ്പ്‌ പദ്ധതി പ്രകാരമുള്ള 200 ദിവസത്തെ ജോലി വർദ്ധിപ്പിച്ച‌ വേതനത്തിന്റെ അടിസ്ഥാനത്തിൽ നൽകുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വീട്ടുമുറ്റ സത്യാഗ്രഹ സമരം നെടുമങ്ങാട്ട് 8,​177 കേന്ദ്രങ്ങളിൽ നടന്നു. 150 ബ്രാഞ്ചുകളുടെ കീഴിൽ ആയിരക്കണക്കിന് കുടുംബാംഗങ്ങൾ വീട്ടുമുറ്റങ്ങളിൽ പാർട്ടി പതാകയും പ്ലക്കാർഡും ഉയർത്തി സമരത്തിൽ പങ്കെടുത്തു. നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവനും കുടുംബാംഗങ്ങളും നെടുമങ്ങാട് പാർട്ടി ഓഫീസിനു മുന്നിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും കുടുംബാംഗങ്ങളും പാലോട്ടെ വീടിനു മുന്നിലും സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി ഡോ. ഷിജൂഖാൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി മന്നൂർക്കോണം രാജേന്ദ്രൻ എന്നിവരും കുടുംബങ്ങൾക്കൊപ്പം വീടുകളിൽ സമരത്തിൽ പങ്കെടുത്തു.