തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.എം സംഘടിപ്പിച്ച സത്യഗ്രഹത്തിൽ പങ്കാളിയായി തിരുവനന്തപുരത്തെ ബി.ജെ.പി കൗൺസിലറും. തിരുവനന്തപുരം കോർപ്പറേഷനിലെ പാൽക്കുളങ്ങര വാർഡ് കൗൺസിലർ എസ്. വിജയകുമാരിയാണ് സി.പി.എം സമരത്തിൽ പങ്കുചേർന്നത്. പേട്ട തീയേറ്റർ റോഡിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജയകുമാരി പങ്കെടുത്തത്. ഇനി സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടി വിജയകുമാരിയെ സ്വീകരിച്ചു. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗങ്ങളും പങ്കാളികളായി.
അവഗണനയും അധിക്ഷേപവും മടുത്തു
ബി.ജെ.പി ജില്ലാ നേതൃത്വത്തിൽ നിന്നും മറ്റ് കൗൺസിലർമാരിൽ നിന്നും വിഷമകരമായ അനുഭവമുണ്ടായി. മുൻ ജില്ലാ പ്രസിഡന്റ് സുരേഷിന്റെ ഭാഗത്ത് നിന്നും മറ്റ് നേതാക്കളിൽ നിന്നും അവഗണനയും അധിക്ഷേപവുമുണ്ടായി. ഇത് മാനസികമായി തളർത്തി. പാർട്ടിയിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും വിജയകുമാരി പറഞ്ഞു. വാർഡിലെ വികസന പ്രവർത്തനങ്ങൾ പ്രദേശത്തെ ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ കോൺഗ്രസ് നേതാക്കൾക്കൊപ്പം ചേർന്നു തടഞ്ഞിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ അപവാദപ്രചാരണവും നടത്തി. അപ്പോഴോക്കെ സഹായിച്ചത് സി.പി.എം കൗൺസിലർമാരും മറ്റ് പ്രവർത്തകരുമായിരുന്നു. പാർട്ടിക്ക് ഔദ്യോഗികമായി രാജിയൊന്നും കൊടുത്തില്ലെങ്കിലും സമരത്തിൽ പങ്കെടുത്തത് രാജിവച്ചതായി കണക്കാക്കിയാൽ മതിയെന്നും വിജയകുമാരി പറഞ്ഞു. കൗൺസിലിൽ നിന്നുള്ള രാജി തീരുമാനം പാർട്ടിയുമായി സംസാരിച്ച ശേഷമുണ്ടാകുമെന്നും വിജയകുമാരി വ്യക്തമാക്കി.
വികസനത്തിന് ഇടങ്കോലിട്ടവർക്ക് കിട്ടിയ തിരിച്ചടി
നഗരസഭയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടത്തുന്ന വികസനങ്ങൾക്ക് ഇടങ്കോലിടുന്നവർക്ക് കിട്ടിയ തിരിച്ചടിയാണ് വിജയകുമാരിയുടെ രാജിയെന്ന് മേയർ ശ്രീകുമാർ പറഞ്ഞു. അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഔദ്യോഗിക തീരുമാനം നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷമുണ്ടാകും. വികസന കാര്യത്തിലടക്കം ഉണ്ടായ വിഷമങ്ങളാണ് അവരെ ഇൗ തീരുമാനത്തിലെത്തിച്ചതെന്നാണ് അറിയുന്നത്. ബി.ജെ.പിയുടെ നയങ്ങളിലെ എതിർപ്പും അവർ പരസ്യമാക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിനാൽ കോർപ്പറേഷൻ പാൽക്കുളങ്ങര വാർഡ് കൗൺസിലർ
എസ്. വിജയകുമാരിയെ അന്വേഷണവിധേയമായി ബി.ജെ.പിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു.