നെടുമങ്ങാട്: ഓണക്കാലത്ത് കൊവിഡ് സമ്പർക്ക വ്യാപനം മുന്നിൽക്കണ്ട് നെടുമങ്ങാട് നഗരസഭയിലും ആനാട് ഗ്രാമപഞ്ചായത്തിലും നിയന്ത്രണങ്ങൾ കർശനമാക്കി. നഗരസഭ പരിധിയിൽ 23 ഉം ആനാട്ട് 43 ഉം പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നഗരസഭയിലെ മന്നൂർക്കോണം, മണിയൻകോട്, ചെന്തുപ്പൂര്, കരിമ്പിക്കാവ്, ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂർ മണലിവിള, കരിങ്കട, പൂങ്കാവനം, കൂപ്പ്, ഏണിയോട്ടുകോണം, ചന്ദ്രമംഗലം എന്നിവിടങ്ങൾ കർശന നിരീക്ഷണത്തിലാണ്. മണലിവിള കോളനി കണ്ടെയ്ൻമെന്റ് സോണാണ്‌. നഗരത്തിൽ വഴിവാണിഭവും പുറമെനിന്നുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ പറഞ്ഞു. ആനാട് ഗ്രാമപഞ്ചായത്തിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ റാപ്പിഡ് ടെസ്റ്റ് ഇന്ന് രാവിലെ 10ന് ചുള്ളിമാനൂർ ഗവ.എൽ.പി.എസിൽ നടക്കുമെന്ന് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.

ഓട്ടോ, ടാക്‌സി നിയന്ത്രണം

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ഓട്ടോ, ടാക്‌സി യാത്രയ്ക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇരട്ടഅക്കത്തിൽ അവസാനിക്കുന്ന നമ്പരുകൾ (2,4,6,8,0) ഉള്ള വാഹനങ്ങൾ തിങ്കളാഴ്ചയും ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പരുകൾ (1,3,5,7,9) ഉള്ള വാഹനങ്ങൾ ചൊവ്വാഴ്ചയും നിരത്തിൽ ഓടാൻ അനുവദിക്കും. തുടർന്നുള്ള ദിവസങ്ങളിലും ഈ ക്രമത്തിലായിരിക്കും സർവീസ് അനുവദിക്കുക. നിർദേശം ലംഘിക്കുന്നവരിൽ നിന്ന് വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കുമെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ അറിയിച്ചു.