കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ മഹാത്മ അയ്യങ്കാളി ലൈഫ് ഭവന സമുച്ചയം ഗുണഭോക്താക്കൾക്കായി നാളെ തുറന്ന് കൊടുക്കും. പഞ്ചായത്തിലെ പട്ടിക വിഭാഗക്കാർക്ക് വേണ്ടിയാണ് വെള്ളാർ വാർഡിൽ മൂന്നേകാൽ കോടി രൂപ ചെലവിട്ട് ഭവന സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും രണ്ടു കോടി 55 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 70 ലക്ഷം രൂപയും ചെലവിട്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. പദ്ധതിക്കുവേണ്ടി 2017 ലാണ് ഇവിടെ പഞ്ചായത്ത് സ്ഥലം വാങ്ങുകയും മൂന്ന് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തത്. സാമ്പത്തിക ലാഭവും പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലുമാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. 500 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഫ്ളാറ്റിനുള്ളിൽ ഓരോ ഭവനവും നിർമ്മിച്ചിരിക്കുന്നത്. ഓരോ ഭവനത്തിലും രണ്ട് ബെഡ്രൂം ഹാളനോട് ചേർന്ന് കിച്ചൻ ഒരു ടോയ്ലറ്റ് ഒരു ശുചിമുറി എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 സെന്റ് ഭൂമിയിൽ 21 വീടുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ബെയ്സ്‌മെന്റിൽ അംഗനവാടി, സ്വയം തൊഴിൽ പരിശീലനകേന്ദ്രം എന്നിവ ഉണ്ടാകും. മൂന്നാം നിലയിൽ മൂന്നു വീടുകളും ഓപ്പൺ റെക്രയേഷൻ ടെറസ്സും ഉണ്ട്. ഗവ. അക്രയേറ്റ് ഏജൻസിയായ സെന്റെർ ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ഫോർ റൂറൽ ഡെവലപ്‌മെന്റ് ആണ് രൂപകല്പനയും നിർമ്മാണവും പൂർത്തീകരിച്ചത്. ഭവന സമുച്ചയത്തിന് ഉദ്ഘാടനം നാളെ രാവിലെ 11ന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല അറിയിച്ചു.