aug23c

ആ​റ്റിങ്ങൽ: ആലംകോടിന് സമീപം പ്രവർത്തനമില്ലാത്ത ഹോട്ടലിൽ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത് 40 കിലോ കഞ്ചാവ്. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കീഴാ​റ്റിങ്ങൽ മുളവനത്ത് വീട്ടിൽ പി. അർജ്ജുൻനാഥ് (27), കീഴാ​റ്റിങ്ങൽ എം.സി നിവാസിൽ എം. അജിൻമോഹൻ (25), ആ​റ്റിങ്ങൽ ഗവ. ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയിൽ ആർ. ഗോകുൽരാജ് (26) എന്നിവരെ അറസ്​റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ലോറി ഡ്രൈവർ ആലംകോട് തൊപ്പിച്ചന്ത പെരുംകുളം എഫ്.എഫ് മൻസിലിൽ എൻ. ഫഹദ് (28) രക്ഷപ്പെട്ടു. കഞ്ചാവ് കടത്താനുപയോഗിച്ച ലോറി, രണ്ട് ആഡംബര കാറുകൾ, നോട്ടെണ്ണൽ മെഷീൻ, രണ്ട് ത്രാസുകൾ, 92,000 രൂപ, 8 എ.ടി.എം.കാർഡ്, നാല് പാസ് ബുക്കുകൾ എന്നിവ പിടിച്ചെടുത്തു.

സവാള, കന്നുകാലി, കോഴി എന്നിവയെ കൊണ്ടുവരുന്ന ലോറികളിലൊളിപ്പിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. ആലംകോട് ജംഗ്ഷന് സമീപത്തെ അവിക്‌സ് സൊസൈ​റ്റിയുടെ വക കെട്ടിടം ഫഹദ് വാടകയ്‌ക്കെടുത്ത് ബാംബൂ എന്ന പേരിൽ ഹോട്ടൽ നടത്തിയിരുന്നു. ലോക്ക് ഡൗണിനെത്തുടർന്ന് അടച്ച ഹോട്ടൽ പിന്നീട് പ്രവർത്തിച്ചിട്ടില്ല. ഇവിടെ സവാള സംഭരിച്ച് വ്യാപാരം നടത്തുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. ഹോട്ടലിനുള്ളിലും ലോറിയിലും അർജ്ജുൻനാഥിന്റെ വീട്ടിലുമായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഹാഷ് ഓയിൽ, സ്​റ്റാമ്പ് എന്നിവയും പ്രതികൾ വിറ്രിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് വില്ക്കാനാണ് ഇവർ കഞ്ചാവെത്തിച്ചിരുന്നത്. ഓൺലൈനിലൂടെയാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. പണം കൈമാറുന്നതും ഓൺലൈൻവഴിയായിരുന്നു.

എക്‌സൈസ് ആ​റ്റിങ്ങൽ സി.ഐ എസ്. അജിദാസ്, വർക്കല സി.ഐ. നൗഷാദ്, കിളിമാനൂർ ഇൻസ്‌പെക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഉദയകുമാർ, അഷ്റഫ്, രാകേഷ്, ഷൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനു, ഷിബു, വനിതാ എക്‌സൈസ് ഓഫീസർമാരായ മഞ്ജുഷ, ലിജി, സി.പി.ഒമാരായ ആദർശ്, ചന്തു, സജീർ, വിജയകുമാർ, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.