life-mission

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് ഫ്ലാറ്റ് കരാറിന്റെ രേഖകൾ സർക്കാർ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി ) കൈമാറി. തദ്ദേശസെക്രട്ടറി ശാരദാ മുരളീധരനാണ് രേഖകൾ കൈമാറിയത്. രേഖകൾ ഹാജരാക്കാൻ ചീഫ്സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇടപാടിന് വിദേശ മന്ത്രാലയത്തിന്റെ അനുമതിയുണ്ടോ,ആരൊക്കെയാണ് അനുമതി നൽകിയത്,എല്ലാ യോഗങ്ങളുടെയും മിനുട്ട്സ്,നിയമോപദേശങ്ങൾ, ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള നി‌ർമ്മാണ കരാറുകൾ എന്നിവ ഹാജരാക്കാനായിരുന്നു നിർദ്ദേശം. റെഡ്ക്രസന്റുമായി ഒപ്പിട്ട ധാരണാപത്രം നേരത്തേ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് ഇ.ഡിക്ക് കൈമാറിയിരുന്നു. യോഗത്തിന്റെയടക്കം ഒപ്പിട്ട മിനുട്ട്സില്ലെന്നാണ് ജോസിന്റെ മൊഴി. ഈ സാഹചര്യത്തിലാണ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറായ ചീഫ്സെക്രട്ടറിയിൽ നിന്ന് വിവരങ്ങൾ തേടിയത്. വിദേശത്തുനിന്ന് പണം സ്വീകരിച്ചിട്ടില്ലെന്നും വീടുകളാണ് സ്വീകരിക്കുന്നതെന്നുമുള്ള വാദം ഇ.ഡി തള്ളിയിട്ടുണ്ട്. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം. എന്നാൽ മ​റ്റു പദ്ധതികളുമായി സഹകരിക്കുമ്പോൾ കേന്ദ്രാനുമതി ആവശ്യമാണ്.