തിരുവനന്തപുരം: യു.എ.ഇ കോൺസുൽ ജനറലിന്റെ സൗഹൃദപൂർണമായ അന്വേഷണത്തെ തുടർന്ന് അദ്ദേഹത്തെ മതാചാര നിർവഹണത്തിന് സഹായിക്കുകയാണ് താൻ ചെയ്തതെന്ന് മന്ത്രി കെ.ടി ജലീൽ. ഇതാണ് രാഷ്ട്രീയ എതിരാളികൾ തനിക്കുമേൽ ചാർത്തിയിരിക്കുന്ന മഹാ അപരാധം. റംസാനോടനുബന്ധിച്ച് എല്ലാ വർഷവും യു.എ.ഇ എംബസികളും കോൺസുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും സ്വയമേവ ചെയ്ത് വരാറുള്ള ഉപചാരങ്ങൾ കൊവിഡ് പശ്ചാതലത്തിൽ ഈ വർഷം സമയത്ത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, യു.എ.ഇ കോൺസുൽ ജനറൽ ഇക്കാര്യം അന്വേഷിച്ചത്. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏതന്വേഷണങ്ങളായാലും സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ഒരു തെറ്റും സംഭവിച്ചതായി കരുതുന്നില്ല.
വിശ്വാസപരമായ ഉപചാരങ്ങളൊന്നും ഇന്ത്യയിൽ പാടില്ലെങ്കിൽ അക്കാര്യം കേന്ദ്രസർക്കാർ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്. കോൺസുലേറ്റ്, മസ്ജിദുകളിൽ നൽകാൻ പറഞ്ഞ വിശുദ്ധ ഖുർആൻ കോപ്പികൾ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ ഇരിപ്പുണ്ട്. യു.എ.ഇ
കാലങ്ങളായി ആവശ്യക്കാർക്ക് സാംസ്കാരികാചാരത്തിന്റെ ഭാഗമായി നൽകുന്ന വേദഗ്രന്ഥങ്ങൾ, ഇവിടെ കൊടുക്കാൻ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കിൽ, കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുർആൻ കോപ്പികളും കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കും. ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടി വന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്ന പ്രശ്നമേയില്ല. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും. അന്തിമ വിജയം സത്യത്തിനു തന്നെയാകും- ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.