തിരുവനന്തപുരം: സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെട്ട് നഴ്സിംഗ് വിദ്യാർത്ഥികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം മൂന്നു ദിവസം പിന്നിട്ടിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സി.എൻ.എസ് സ്റ്റാഫ് അസോസിയേഷൻ ആരോപിച്ചു. പ്രതിദിനം 450രൂപ സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികൾ ഉൾപ്പടെ എല്ലാ കൊവിഡ് ജീവനക്കാർക്കും ലഭിക്കുന്ന തുകയേക്കാൾ വളരെ താഴെയാണെന്നത് സർക്കാർ സൗകര്യപൂർവം മറക്കുകയാണ്. ലോകം മുഴുക്കെ പ്രശസ്തി നേടിയ കേരളത്തിലെ നഴ്‌സുമാർ നേരിടുന്ന ഇത്തരം അവഗണനയ്ക്ക് സർക്കാർ മറുപടി നൽകണം. സമരത്തെ അട്ടിമറിക്കാൻ വേണ്ടി അവസാന വർഷ ബി.എസ്.സി നഴ്‌സിംഗ്,ജനറൽ നഴ്‌സിംഗ് വിദ്യാർത്ഥികളെ കേന്ദ്ര സർക്കാരിന്റെയോ, യൂണിവേഴ്‌സിറ്റിയുടെയോ അനുമതി ഇല്ലാതെ തിരിച്ചുവിളിച്ച ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രതിഷേധാർഹമാണ്. സമരം എത്രയും പെട്ടെന്ന് ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗവൺമെന്റ് നഴ്‌സിംഗ് കോളേജ് പാരന്റ്‌സ് അസോസിയേഷൻ ആരോഗ്യമന്ത്രിക്ക് കത്തയച്ചതായും വിദ്യാർത്ഥി അസോസിയേഷൻ അറിയിച്ചു