ശ്രീകാര്യം: തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിക്കാനുള്ള പ്രധാന ഇടനാഴിയായ ശ്രീകാര്യത്തെ മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്കിന് പരിഹാരമാകുന്നു. ദേശീയപാതയിലെ തിരക്കൊഴിവാക്കാൻ തിരുവനന്തപുരം മുതൽ ടെക്നോസിറ്റി വരെ നിർമ്മിക്കാനുദ്ദേശിച്ചിരുന്ന ലൈറ്റ് മെട്രോയുടെ കാര്യത്തിൽ ഉടലെടുത്ത ആശങ്കകൾ നിലനിൽക്കെത്തന്നെയാണ് പദ്ധതിയുടെ ഭാഗമായുള്ള ശ്രീകാര്യം ഫ്ലൈ ഓവർ യാഥാർത്ഥ്യമാകുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ശ്രീകാര്യം ജംഗ്ഷന് ആശ്വാസമാകും. ആറ്റിങ്ങൽ ഭാഗത്തുനിന്നും പോത്തൻകോട്, ആക്കുളം ഭാഗങ്ങളിൽ നിന്നുമുള്ള വാഹനങ്ങളുടെ തിരക്ക് ശ്രീകാര്യം ജംഗ്‌ഷനെ ശ്വാസം മുട്ടിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾ ഇവിടത്തെ കുരുക്കിൽപ്പെടുന്നതോടെ രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്തതും വലിയൊരു പ്രശ്നമായിരുന്നു.
ആദ്യം പ്രഖ്യാപിച്ചത് മോണോ റെയിൽ
തിരുവനന്തപുരം മുതൽ ഐ.ടി നഗരമായ കഴക്കൂട്ടം വരെയുള്ള തിരക്ക് ഒഴിവാക്കാൻ മോണോറെയിൽ എന്ന ആശയമാണ് ആദ്യമുണ്ടായത്. ഇതിനായി 2013ൽ സർക്കാർ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ രൂപീകരിച്ച് മുന്നോട്ടുപോയെങ്കിലും 2015ൽ പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ലൈഫ് സയൻസ് പാർക്കിന്റെയും ടെക്നോസിറ്റിയുടെയും സാദ്ധ്യതകൂടി കണക്കിലെടുത്ത് പദ്ധതിയുടെ ദൈർഘ്യം 22 കിലോമീറ്റർ വർദ്ധിപ്പിച്ച് പള്ളിപ്പുറം ടെക്നോസിറ്റി വരെ നീട്ടുകയും ചെയ്‌തു. സർവേ നടത്തി അലൈൻമെന്റ് നിശ്ചയിക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനുമായി ധാരണയുമുണ്ടാക്കി. പദ്ധതിയുടെ ഭാഗമായി ശ്രീകാര്യം ഓവർബ്രിഡ്ജിനുപുറമെ ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലും പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഫ്ലൈഓവറിന് നീളം 535 മീറ്റർ
ചാവടിമുക്ക് മുതൽ കല്ലമ്പള്ളി വരെ 33 മീറ്റർ വീതിയിലും 535 മീറ്റർ നീളത്തിലുമാണ് ശ്രീകാര്യം ഫ്ലൈഓവർ നിർമ്മിക്കുന്നത്. സ്ഥലമേറ്റെടുക്കലിന് ആവശ്യമായ തുകയുടെ ആദ്യഗഡുവായ 35 കോടി രൂപ നിർമ്മാണ ചുമതലയുള്ള കോർപറേഷന് കൈമാറിയിരുന്നു. ടെൻഡർ നടപടികൾ ആരംഭിച്ചപ്പോഴാണ് 2017ൽ രാജ്യത്തെ മെട്രോ, മോണോ റെയിൽ പദ്ധതികളിലെ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പുതുക്കിയത്. ഇതോടെ പദ്ധതി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലായി. ലൈറ്റ് മെട്രോയെ കാത്തിരുന്നാൽ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകില്ലെന്ന് കണ്ടതോടെയാണ് മെട്രോയുടെ അലൈൻമെന്റ് അതേപടി നിലനിറുത്തി ഫ്ലൈഓവർ നിർമ്മിക്കാൻ തീരുമാനിച്ചത്.
'' ശ്രീകാര്യം ജംഗ്‌ഷന്റെ സമഗ്ര വികസനവും പദ്ധതിയിൽപ്പെടുന്നു. ഫ്ലൈഓവറിന് താഴെ ഇരുവശങ്ങളിലും 5.5 മീറ്റർ വീതിയിൽ സർവീസ് റോഡും നിർമ്മിക്കും. പാലത്തിന് താഴെ വാഹനപാർക്കിംഗിനുള്ള സൗകര്യവും പൂന്തോട്ടവും ഒരുക്കും. 135 കോടിയുടെ പദ്ധതി രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണം കഴിഞ്ഞാൽ പ്രവർത്തനം തുടങ്ങും
- മന്ത്രി കടകംപള്ളി സുരേന്ദ്രൻ.