തിരുവനന്തപുരം : ജീവിച്ചിരുന്നപ്പോൾ മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ കണ്ണൂർ മട്ടന്നൂർ കൊതേരി കപ്പണയിൽ ഹൗസിൽ ടി. ബൈജു (37) എന്ന സന്നദ്ധ പ്രവർത്തകൻ മരണാന്തരം അഞ്ച് പേരിലൂടെ ജീവിക്കും. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവ ദാനം ചെയ്തു.
കണ്ണൂർ എയർപോർട്ടിലെ ജിവനക്കാരനായ ടി. ബൈജു നാട്ടിൽ രക്തദാനത്തിലുൾപ്പെടെ സജീവമായിരുന്നു. കഴിഞ്ഞ 19ന് വീട്ടിൽ ഫോൺ ചെയ്യുന്നതിനിടെ ബൈജു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും എ.കെ.ജി. ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായയതോടെ മന്ത്രി ഇ.പി.ജയരാജൻ ഇടപെട്ട്എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചു. . അവയവദാനത്തിന് സന്നദ്ധമാണെന്ന കാര്യം ബന്ധുക്കൾ അറിയിച്ചു. മൃതസഞ്ജീവനി വഴിയായിരുന്നു അവയവദാനം. സംസ്ഥാന നോഡൽ ഓഫീസർ ഡോ.നോബിൾ ഗ്രേഷ്യസിൻെറ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കി.
കരൾ കോഴിക്കോട് മിംസ് ആശുപത്രിയിലെ ഒരു രോഗിക്കും, രണ്ട് വൃക്കകൾ എറണാകുളം വിപിഎസ് ലോക് ഷോർ ആശുപത്രിയിലെയും, രണ്ട് നേത്രപടലം അമൃത ആശുപത്രിയിലെയും രോഗികൾക്കുമാണ് കൈമാറിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.