covid

തിരുവനന്തപുരം: ജില്ലയിൽ തീരപ്രദേശത്തിന് പുറമേ നഗരത്തിന് പുറത്തേക്കും കൊവിഡ് വ്യാപനം രൂക്ഷമായതായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പറഞ്ഞു. ആകെയുള്ള 29 കൊവിഡ് ക്ലസ്റ്ററുകളിൽ 11ഉം തീരദേശ മേഖലയിലാണ്. രോഗസ്ഥിരീകരണ നിരക്ക് 17 ശതമാനം. ജില്ലയിൽ ഇത് ശരാശരി 11ആണ്. തീരപ്രദേശത്ത് നേരത്തയുള്ളതിനെക്കാൾ സ്ഥിതിയിൽ മാറ്റമുണ്ടെങ്കിലും രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും കളക്ടർ വ്യക്തമാക്കി. ഓണക്കാലത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ജില്ലാ ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു കളക്ടർ. നഗരത്തിൽ പൊതുവേ രോഗവ്യാപനം കുറവാണ്. 29 വാർഡുകളിൽ പത്തിൽതാഴെ രോഗികളാണുള്ളത്. അതേസമയം പാറശാല, കുന്നത്തുകാൽ, വെള്ളറട ഉൾപ്പെടെയുള്ള അതിർത്തി മേഖലയിലും കൊവിഡ് വ്യാപനം ശക്തമാണ്. ഓണത്തോടനുബന്ധിച്ച് ഈ മേഖലയിൽ നിയന്ത്രണം ശക്തമാക്കും.

ആറിൽ ഒരു ഭാഗം തലസ്ഥാനം

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ രോഗികളുടെ ആറിൽ ഒരു ഭാഗവും തലസ്ഥാനത്തുനിന്നാണെന്ന് കളക്ടർ വ്യക്തമാക്കി. മരണ നിരക്കും സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ– 0.74 ശതമാനം. 95 ശതമാനം രോഗികളും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവർ. കഴിഞ്ഞ ആറ് ദിവസമായി രോഗസ്ഥിരീകരണ നിരക്ക് പത്തിനും പതിനൊന്ന് ശതമാനത്തിനും ഇടയിലാണ്. എന്നാൽ, ഓണക്കാലത്ത് നഗരത്തിലേക്ക് വൻജനപ്രവാഹം പ്രതീക്ഷിക്കുന്നു. ജാഗ്രത പുലർത്തിയില്ലെങ്കിൽ നഗരത്തിൽ ഉൾപ്പെടെ വ്യാപനത്തോത് കൂടും. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.