തിരുവനന്തപുരം: മകനെ ആക്രമിക്കുന്നതുകണ്ട് പിടിച്ചുമാറ്റാനെത്തിയ വീട്ടമ്മ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. വലിയവേളി സ്വദേശികളായ ജോസ് സോളമൻ (43), ജൂഡ് (32) എന്നിവരെയാണ് തുമ്പ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ ഒളിവിലാണ്. വലിയവേളി സൗത്ത് തുമ്പ തൈവിളാകം ഹൗസിൽ മേരി ബാബുവാണ് (67) കഴിഞ്ഞദിവസം മരിച്ചത്. സംഘർഷത്തിനിടയിൽ പിടിച്ചു മാറ്റാനെത്തിയ മേരി ബാബുവിന് മർദ്ദനമേറ്റിരുന്നതായി മകൾ പൊലീസിന് മൊഴി നൽകിയിരുന്നു. ശനിയാഴ്ച് രാത്രി എട്ടോടെയായായിരുന്നു ആക്രമണം. ഹൃദ്രോഗത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന മേരിബാബുവിന് മരുന്നുവാങ്ങി കൊടുത്ത ശേഷം ബൈക്കിൽ തിരികെ മടങ്ങുകയായിരുന്ന മകൻ സെബാസ്റ്റ്യനെ വഴിയിൽ ഒളിച്ചുനിന്ന സംഘം ആക്രമിക്കുകയായിരുന്നു. രക്തം ഛർദ്ദിച്ച് കിടന്ന മേരി ബാബുവിനെ തുമ്പ പൊലീസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. മേരി ബാബുവിന്റെ മൃതദ്ദേഹം സംസ്‌കരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകൂ. പ്രദേശത്ത് ഏറെനാളായി ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും സംഘർഷവും പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.