kadakampally
സ്റ്റാച്യുവിൽ ആരംഭിച്ച കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിക്കുന്നു

ത്രിവേണി ഓണച്ചന്തയും തുടങ്ങി

സപ്ലൈകോ ഫെയർ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ

തിരുവനന്തപുരം: കൊവിഡ് കാലത്ത് വിരുന്നെത്തിയ ആഘോഷവേളയിൽ ജനങ്ങളെ ഓണമൂട്ടാൻ സപ്ലൈകോയും രംഗത്തെത്തിയതോടെ ഓണവിപണി ഡബിൾ ചാർജിലായി. സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോകോൺഫറൻസിലൂടെ നിർവഹിച്ചിരുന്നു. കൊവിഡ് മാനദണ്ഡൾപാലിച്ച് പുത്തരിക്കണ്ടം മൈതാനത്തെ വിപണനകേന്ദ്രത്തിൽ കൂടുതൽ ഉപയോക്താക്കൾ ഇന്നലെയെത്തി. ഹോം അപ്ലൈൻസസ് ഉൾപ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഇവിടെ ലഭിക്കും. ഓണം ജില്ലാ ഫെയർ 30വരെ പ്രവർത്തിക്കും. ഫെയറിൽ ശബരി ഉത്പന്നങ്ങളും മാവേലി സ്റ്റോറുകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളും സബ്സിഡിയോടെ ലഭ്യമാണ്. മറ്റു ബ്രാൻഡഡ് ഉത്പന്നങ്ങളും അഞ്ച് മുതൽ 30 ശതമാനം വിലക്കിഴിവോടെയാണ് നൽകുന്നത്. ഇതോടനുബന്ധിച്ചുള്ള മിൽമ സ്റ്റാളിൽ അഞ്ച് മുതൽ 10 ശതമാനം വരെ വിലക്കിഴിവിലാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. കുടുംബശ്രീ സ്റ്റാളും ഫെയറിൽ ഒരുക്കുന്നുണ്ട്. പച്ചക്കറികളും ഇവിടെയെത്തിക്കും. ഉത്സവകാലത്ത് വിപണിയിൽ ഇടപെടലുകൾ നടത്തി അവശ്യസാധനങ്ങൾ ന്യായവിലയ്ക്ക് ഗുണമേന്മയോടെ കൃത്യമായ അളവിൽ ഒരുകുടക്കീഴിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഓണം ഫെയർ സംഘടിപ്പിക്കുന്നത്. ഇന്നലെ സ്റ്റാച്യുവിൽ ത്രിവേണി ഓണ ചന്തയും പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി ഓൺലൈൻ മുഖേന ഉദ്ഘാടനം നിർവഹിച്ചു.

സപ്ലെെകോ വില

ഒരു കിലോ ചെറുപയർ-74,

ഉഴുന്ന്-66,

കടല-43,

 വൻപയർ-45,

 പരിപ്പ്-65

 മുളക്-75

മല്ലി-76

പഞ്ചസാര-22

 ജയ അരി-25

 കുറവ അരി-25

 പച്ചരി-23

 മട്ടയരി-24

 ശബരി വെളിച്ചെണ്ണ (അരകിലോ)-46

ചോതിയിലെ പാച്ചിൽ പുത്തൻ കോടിയെടുക്കാൻ

തിരുവനന്തപുരം: ഇന്നത്തെ ചോതി നക്ഷത്രത്തിൽ പുത്തൻ കോടി വാങ്ങാനുള്ള പരക്കം പാച്ചിലിലാവും ഏവരും. കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും ഓണക്കോടി എടുക്കുന്നതിനും സമ്മാനങ്ങൾ കൈമാറുന്നതിനും ആളുകൾ ഇൗ ദിനം തിരഞ്ഞെടുക്കാറുള്ളത് സമൃദ്ധി മുന്നിൽ കണ്ടാണ്. ഓണത്തിനായി പലഹാരങ്ങൾ തയാറാക്കുന്നതിന് ആരംഭമാകുന്നതും ഈ ദിവസം തന്നെ. ഇന്നത്തെ പൂക്കളത്തിനും പ്രത്യേകതയുണ്ട്. തുമ്പയും തുളസിയും ചെമ്പരിത്തിയുമടങ്ങുന്ന മൂന്ന് നിറങ്ങളിലുള്ള പൂക്കളാണ് ഇന്ന് കളമൊരുക്കാൻ ഉപയോഗിക്കുന്നത്. പൂക്കൾ സംസ്ഥാനത്തിന് പുറത്തു നിന്ന് കൊണ്ടുവരുന്നതിനും സർക്കാർ നിരോധനമേർപ്പെടുത്തിയതോടെ പൂക്കളമൊരുക്കാൻ വിലകൊടുത്ത് കടകളിൽ നിന്ന് പൂക്കൾ വാങ്ങിയിരുന്നവർ ഇത്തവണ പാടത്തെയും പറമ്പിലെയും പൂക്കൾ തേടിയിറങ്ങിയത് പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്കായി. നിയന്ത്രണങ്ങൾ കർശനമായതിനാൽ മിക്കവരും കുടുംബത്തോടൊപ്പമുള്ള ഷോപ്പിംഗ് ഒഴിവാക്കിയാണ് കടകളിലെത്തുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ ഓരേ സമയം ആൾക്കാരെ പ്രവേശിപ്പിക്കുന്നതിലടക്കം മാനദണ്ഡങ്ങൾ നില നിൽക്കുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നതായി ജനങ്ങൾക്ക് പരാതിയുണ്ട്. വില്പന സമയം ഉയർത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ അനുഭാവ പൂർണമായ തീരുമാനമുണ്ടായിട്ടില്ല. ക്ലബുകളും സാംസ്കാരിക സംഘടനകളും നടത്തിവരുന്ന ഓണപ്പരിപാടികളും അത്തപ്പൂക്കളങ്ങളും ഇത്തവണയില്ല. പൊതുസ്ഥലങ്ങളിൽ ഓണ സദ്യ നടത്തുന്നതിന് വിലക്കുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓണസദ്യയും പൂക്കളവും ആഘോഷവുമൊക്കെ വീടുകളിൽ ചുരുങ്ങും.