കൊച്ചി: 450 കോടി രൂപയുടെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൈനാപ്പിൾ കർഷകർ പ്രക്ഷോഭം ആരംഭിക്കുന്നു. സമരപരിപാടികളുടെ തുടക്കമായി നാളെ (ഓഗസ്റ്റ് 25) വാഴക്കുളം കൃഷിഭവനു മുന്നിൽ ധർണ നടത്തും. കൊവിഡ് ദുരിതം വിതച്ച് കടക്കെണിയിലായ കർഷകൻ മൂവാറ്റുപുഴ ആയവന സ്വദേശി അനിൽ കെ.കെ ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ഓൾ കേരളാ പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനങ്ങൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. തുടർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് (24) ഹർജി പരിഗണിക്കും.
ലോക്ക് ഡൗൺ കൊലച്ചതി
പാട്ടത്തിനെടുത്ത ഭൂമിയിലാണ് വാഴക്കുളം മേഖലയിലെ ഭൂരിപക്ഷം കൃഷിക്കാരും പൈനാപ്പിൾ കൃഷി നടത്തുന്നത്. ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ എന്നിവയിൽ നിന്നുള്ള വായ്പകളെ ആശ്രയിച്ചാണ് പാട്ടത്തുകയും കൃഷിയ്ക്കാവശ്യമായ പ്രവർത്തന മൂലധനവും തോട്ടക്കൃഷി മേഖലയിലെ ഉയർന്ന തൊഴിൽച്ചെലവും കണ്ടെത്തുന്നത്. 2018, 2019 വർഷങ്ങളിലെ പ്രളയങ്ങളെത്തുടർന്നുണ്ടായ കൃഷിനാശം, വിളവെടുക്കാൻ കഴിയാതിരുന്നത്, ഡിമാൻഡ് ഇടിവ് എന്നിവ മൂലമുണ്ടായ വിലത്തകർച്ചയുടെ ക്ഷീണം 2020 ലെ റമദാൻ മാസത്തിലാരംഭിച്ച സീസണോടെ ഒരുപരിധി വരെ പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. മാർച്ച് മാസത്തിലെ കോവിഡ് ലോക്ഡൗണോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. കിലോവിന് 23-24 രൂപ ഉദ്പാദച്ചെലവുള്ള പൈനാപ്പിൾ വില 2.55 രൂപയായി കൂപ്പുകുത്തി. ആഭ്യന്തര വിപണിയിലെ ഡിമാൻഡ് തകർച്ചയും ഉത്തേരന്ത്യൻ വിപണിയിലേയ്ക്ക് പൈനാപ്പിൾ കയറ്റിപ്പോകാൻ സാധിക്കാതെ വന്നതും ചേർന്ന് പ്രതിസന്ധി ഗുരുതരമാക്കി. കൊവിഡ് ഭീഷണിയെത്തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി സ്വദേശങ്ങളിലേയ്ക്കു പോയതും തിരിച്ചടിയായി.
കർഷകരുടെ ആവശ്യങ്ങൾ
പൈനാപ്പിൾ കൃഷി
ആകെ : 18,000 ഹെക്ടർ
കർഷകർ : 5,000
ഉദ്പാദനം: പ്രതിവർഷം 5.4 ലക്ഷം ടൺ
വാർഷിക ഉദ്പാദന മൂല്യം : 1250 കോടി രൂപ
ഒരു ഹെക്ടറിലെ ചെലവ് : 6.25 ലക്ഷം രൂപ
50 ലക്ഷത്തോളം രൂപയുടെ ബാദ്ധ്യതയാണ് അനിലിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടനടി ആവശ്യമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ വാഴക്കുളം കേന്ദ്രീകരിച്ചുള്ള പൈനാപ്പിൾ മേഖല കൂടുതൽ ആത്മഹത്യകൾ സംഭവിക്കും.
ജയിംസ് ജോർജ്
പ്രസിഡന്റ്
പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ