പാറശാല: അപകടങ്ങൾ തുടർക്കഥയായിട്ടും വാഹനങ്ങളുടെ മത്സരയോട്ടത്തിന് അറുതിയില്ല. ഇത്തരക്കാരെ പിടികൂടാതെ പൊലീസ് ഒഴിഞ്ഞു മാറുന്ന സാഹചര്യമാണ് നിലവിൽ. ചെവി തുരക്കുന്ന ഹോൺ മുഴക്കി മത്സരയോട്ടം നടത്തുന്ന അന്യസംസ്ഥാന വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഇടയിലൂടെ സാധാരണക്കാരായ ജനങ്ങൾ ജീവൻ ഭയന്നാണ് യാത്ര ചെയ്യുന്നത്. കൊവിഡ് കാലമായതിനാൽ ഇത്തരക്കാരെ നിയന്ത്രിക്കുന്നതിൽ നിന്ന് അധികൃതർ മാറി നിൽക്കുന്നുവെന്ന ആക്ഷേപവും ഉയരുകയാണ്. പുലർച്ചെ മുതൽ തമിഴ്നാട്ടിൽ നിന്നുമെത്തുന്ന മീൻ വാഹനങ്ങളിൽ നിന്നും റോഡിലേക്ക് വീഴുന്ന മലിനജലം രോഗഭീതിയും പടർത്തുകയാണ്. അഴുകിയതും രാസവസ്തുക്കൾ ഉപയോഗിച്ചതുമായ മത്സ്യങ്ങളുടെ മലിനജലം പിന്നിൽ നിന്നും വരുന്ന മറ്റ് യാത്രക്കാരുടെ ശരീരത്തിൽ പതിക്കുന്നതിനാൽ ഇത് രോഗഭീതിക്ക് ഇടയാക്കുകയാണ്. ഇത്തരം മത്സ്യവുമായി വരുന്ന വാഹനത്തിന്റെ അമിത വേഗത കാൽനടയാത്രക്കാരുടെയും പേടിസ്വപ്നമാണ്. റോഡ് സുരക്ഷാ അതോറിട്ടി അനുശാസിച്ച വേഗപരിധി ലംഘിച്ച് റോഡ് കീഴടക്കുന്നവരുടെ എണ്ണവും നാൾക്കുന്നാൾ വർധിക്കുകയാണ്. ഇത്തരക്കാരെ നിയന്ത്രിക്കുന്നതിന് ഇൻസ്പെക്ടർ വാഹനം ഉണ്ടെങ്കിലും ഇവ ഹൈവേകളിൽ കാണുന്നതും കുറവാണ്. അതിർത്തിയായ പാറശാല ഇഞ്ചിവിള കഴിഞ്ഞാൽ പിന്നേ അമിത വേഗതയിൽ പായുകയാണ് വാഹനങ്ങൾ .പാറശാല മുതൽ പാതയോരങ്ങളിൽ നിരീക്ഷണ കാമറകൾ ഉണ്ടെങ്കിലും പലതും നിശ്ചലാവസ്ഥയിലാണ്. പല അപകടങ്ങളും അജ്ഞാത വാഹന അപകടം എന്ന രീതിയിൽ പൊലീസ് ഒതുക്കി തീർക്കുകയാണെന്നും ആക്ഷേപമുണ്ട്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കണമെന്ന ആവശ്യം ശക്തമാണ്.