പാറശാല: പഞ്ചായത്തും കൃഷിഭവനും കൈയ്യൊഴിഞ്ഞെങ്കിലും ആരോടും പരാതി പറയാൻ നിൽക്കാതെ പൊന്നോണത്തിനു പാടത്ത് നൂറ് മേനി പുത്തരി വിളയിച്ച് മാതൃകയാവുകയാണ് വീട്ടമ്മ. മൃഗവകുപ്പിൽ നിന്ന് വിരമിച്ച വെള്ളറട കളത്തറ വീട്ടിൽ മോഹൻദാസിന്റെ ഭാര്യ ഡോളി മോഹൻദാസ് (52) ആണ് ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ 35 വർഷമായി തരിശ് ഭൂമിയായി കിടന്ന 59 സെന്റ് തെങ്ങിൻ പുരയിടത്തിൽ 25 സെന്റ് ഭൂമിയിൽ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് നെൽകൃഷിയ്ക്ക് അനുയോജ്യമാക്കിയ ശേഷം കൃഷിയിറക്കുകയായിരുന്നു. പൂർണമായും ജൈവ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു നെൽകൃഷി നടത്തിയത്. തരിശ് ഭൂമിയായതിനാൽ വിളവിൽ കീടങ്ങൾ ആക്രമിക്കാതിരിക്കാൻ പാടശേഖരത്തിന്റെ ചുറ്റും ജമന്തി ചെടികൾ നട്ട് വളർത്തിയാണ് നെൽക്കൃഷിയെ സംരക്ഷിച്ചത്. വെള്ളറടയിൽ വില്ലേജ് ഓഫീസർ ആയിരുന്ന ജോർജ്ജിന്റെ മകളാണ് ഡോളി. പിതാവിൽൽ നിന്നും ചെറുപ്പത്തിൽ ലഭിച്ച കൃഷിയോടുള്ള പരിജ്ഞാനവും സർക്കാരിന്റെ നെൽക്കൃഷി പ്രോത്സാഹനവുമാണ് ഈ വീട്ടമ്മയെ കൃഷിയിലേക്ക് ആകർഷിച്ചത്. നെൽക്കൃഷിക്കു മാറ്റിയ സ്ഥലം ഒഴിക്കെയുള്ള 29 സെന്റ് ഭൂമിയിൽ പടുത കുളം നിർമ്മിച്ച് മത്സ്യക്കൃഷിയും കൂടാതെ വാഴ, കപ്പ, പച്ചക്കറി മുതലായവയും കൃഷി ചെയ്യുന്നുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറി എന്നതിലുപരി ഒരു വീട്ടിനു ഒരു മുറം പച്ചക്കറി നൽകാൻ തയ്യാറാവുകയാണ് ഈ കർഷക. തരിശ് ഭൂമിയിൽ നൂറുമേനി വിളഞ്ഞതോടെ വെള്ളറട പഞ്ചായത്തിൽ ശ്രദ്ധിക്കപ്പെടുന്ന നെൽപ്പാടമായി മാറിയിരിക്കുകയാണ് കളത്തറ. കൃഷിയുമായി ബന്ധപ്പെട്ട് നിരവധി തവണ വെള്ളറട പഞ്ചായത്തിനെയും കൃഷിഭവനെയും സമീപിച്ചെങ്കിലും യാതൊരു സഹായവും അധികൃതരിൽ നിന്നും ലഭിച്ചില്ലത്രേ. ഈ പാടശേഖരത്ത് കൃഷിയിറക്കുന്നത് ഇത് മൂന്നാം തവണയാണ്. കഴിഞ്ഞ രണ്ട് തവണയും പ്രതീക്ഷിച്ച വിളവ് ലഭിച്ചിരുന്നില്ല. മാത്രമല്ല മലയോര മേഖലയായതിനാൽ കാലവർഷക്കെടുതികളും കൃഷിക്ക് മങ്ങലേൽപ്പിച്ചു. ഇക്കുറി കാലവർഷം അനിയോജ്യമായിരുന്നതിനാൽ നെൽപ്പാടത്തിൽ നിന്നും മറ്റ് കൃഷികളിൽ നിന്നും മികച്ച വിളവ് എടുക്കുവാനും കഴിഞ്ഞതായി വീട്ടമ്മ പറയുന്നു. അടുത്തതായി സമീപത്തെ ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിയുടെ വ്യാപ്തി കൂട്ടാനുള്ള ശ്രമത്തിലാണ് ഈ കർഷക. മുതൽ മുടക്കുന്നതിന് അനുസരിച്ചുള്ള ലാഭം കൃഷിയിൽ നിന്നും ലഭിക്കാറില്ലെങ്കിലും പിന്തിരിയാൻ തയ്യാറല്ലെന്നും വീട്ടമ്മ പറയുന്നു.