unemployment

1990ൽ പത്താം ക്ളാസ് ജയിച്ചതിന് ശേഷം എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തു. ഇപ്പോൾ 45 വയസ് കഴിഞ്ഞിട്ടും ഒരു താത്‌കാലിക ജോലിക്ക് പോലും വിളിച്ചിട്ടില്ല.

നിരവധി തവണ കാട്ടാക്കട എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പോയി തിരക്കി. അറ്റൻഡർ, പ്യൂൺ തസ്തികകളിൽ സമ്മതമാണെന്ന് അപേക്ഷയും എഴുതി നൽകി. വിശ്വകർമ്മ സമുദായത്തിൽപ്പെട്ട എനിക്ക് സാമുദായികമായുള്ള റിസർവേഷനിലേ വിളിക്കുകയുള്ളൂവെന്ന് അറിയാൻ കഴിഞ്ഞു.

പുറം വാതിലിലൂടെ നിരവധി നിയമനങ്ങൾ നടക്കുന്നതായി പത്രമാദ്ധ്യമങ്ങളിലൂടെ അറിയുന്നു. കൊവിഡ് 19 ന്റെ ഭാഗമായി ആരോഗ്യ വകുപ്പിൽ അനവധി പേരെ താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എന്നാൽ സർക്കാർ സംവിധാനമായ എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചിലൂടെ നടത്തിയിരുന്നെങ്കിൽ പ്രായം കഴിയാറായ നിരവധി പേർക്ക് ഒരു അനുഗ്രഹമായേനെ?

ലതികാ ജയചന്ദ്രൻ,

കടമാൻകുന്ന്, കോട്ടൂർ.

ഇതെന്ത് മനുഷ്യസ്നേഹം

കോട്ടയം നാട്ടകത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിക്കുകയും, മറ്റൊരാൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകട സമയത്ത് നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലുണ്ടായിരുന്നുവെങ്കിൽ വിലയേറിയ രണ്ട് ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നു. ഓരോ അപകടങ്ങളുമുണ്ടാകുമ്പോൾ യഥാസമയം ചികിത്സ ലഭിക്കാതിരുന്നതു കാരണം നിരവധി പേർക്ക് ജീവൻ ഹോമിക്കപ്പെടേണ്ടിവന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് റോഡിൽ പിടയുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തി പ്രദർശിപ്പിക്കുന്നവരോട് ഒന്നേ ചോദിക്കുവാനുള്ളൂ, നിങ്ങൾ മനുഷ്യസ്നേഹികളാണോ?

എം. സുരേഷ്,

തോട്ടം.