നൂറ്റിമുപ്പത്തഞ്ചു വർഷം പഴക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 'പ്രവർത്തിക്കുന്ന" ഒരു പ്രസിഡന്റ് അനിവാര്യമാണെന്ന ആവശ്യം പാർട്ടിയിലെ ഉന്നത നേതാക്കളിൽ നിന്നു തന്നെ ഉയർന്നുവന്നതിൽ അതിശയമൊന്നുമില്ല. രാജ്യമൊട്ടുക്കുമുള്ള സാധാരണ കോൺഗ്രസ് പ്രവർത്തകരും പാർട്ടി അനുഭാവികളുമൊക്കെ എത്രയോ നാളായി ആഗ്രഹിക്കുന്ന കാര്യമാണത്. ഏറെ പ്രതീക്ഷകൾ ഉണർത്തിക്കൊണ്ട് പാർട്ടി അദ്ധ്യക്ഷ പദത്തിലെത്തിയ രാഹുൽഗാന്ധി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിയെത്തുടർന്ന് പദവി ഉപേക്ഷിച്ചതു മുതൽ ശരിക്കുമൊരു നാഥനില്ലാത്ത ദയനീയ അവസ്ഥയിലാണ് അതിമഹത്തായ പൈതൃകം പേറുന്ന ഈ പാർട്ടി. രാഹുൽഗാന്ധി പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചതോടെ വീണ്ടും അത് ഏറ്റെടുക്കേണ്ടിവന്ന സോണിയാഗാന്ധിക്ക് പരിമിതികൾ വളരെയധികമുണ്ടായിരുന്നു. ശാരീരിക അവശതകൾ നേരിട്ടുകൊണ്ടാണെങ്കിലും പാർട്ടിയെ ശിഥിലമാകാതെ നിലനിറുത്താൻ സാധിക്കുന്നതുതന്നെ വലിയ കാര്യമാണ്. എന്നാൽ നഷ്ടപ്പെട്ട പഴയ പ്രതാപം ചെറിയ തോതിലെങ്കിലും വീണ്ടെടുക്കുന്നതിന് അവർക്കായിട്ടില്ല. ഈ യാഥാർത്ഥ്യം അവരോട് ഒട്ടിനിൽക്കുന്ന നേതാക്കൾ അംഗീകരിക്കാനിടയില്ല. അതേസമയം പ്രതിസന്ധികൾ നേരിട്ടുകൊണ്ടുതന്നെ പാർട്ടിക്കു വളരാനാകുമെന്നും അതിനു ചലനാത്മകവും ഊർജ്ജസ്വലവുമായ പുതിയൊരു നേതൃത്വം ആവശ്യമാണെന്നും കരുതുന്നവർ പാർട്ടി നേതൃത്വത്തിൽത്തന്നെ ധാരാളമുണ്ട്. പരസ്യമായി തങ്ങളുടെ അഭിപ്രായം പറയാൻ അവർ മടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ പാർട്ടി നേരിടുന്ന നേതൃത്വ പ്രതിസന്ധി അതേപടി തുടരുകയും ഒന്നും ചെയ്യാനില്ലാത്ത പതനത്തിൽ കുറ്റിയടിച്ചു നിൽക്കുകയും ചെയ്യുന്നത് കണ്ടുനിൽക്കാനാകാതെ വരികയും ചെയ്തപ്പോഴാണ് ഇരുപത്തിമൂന്നു നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ഇപ്പോഴത്തെ നില തുടർന്നാൽ പാർട്ടി ഇനിയും ദുർബലമാകുമെന്നും ബി.ജെ.പിയെ ഒരുവിധത്തിലും നേരിടാനാകാത്തവിധം പടുകുഴിയിലാകുമെന്നും സോണിയയ്ക്ക് എഴുതിയ കത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ശശി തരൂർ, പി.ജെ. കുര്യൻ, ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ്മ, വീരപ്പ മൊയ്‌ലി, സിദ്ധരാമയ്യ, മനീഷ് തിവാരി തുടങ്ങിയ പ്രമുഖർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. കഴിഞ്ഞ പത്താം തീയതി സോണിയാഗാന്ധിക്ക് അയച്ച കത്തിനെക്കുറിച്ചുള്ള വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. വിവരം പുറത്തായതോടെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധതയുമായി സോണിയ രംഗത്തുവന്നതും അതു തടയാൻ അവരോടു കൂറു പുലർത്തുന്ന നേതാക്കൾ നടത്തുന്ന അണിയറ നീക്കങ്ങളും ഹ്രസ്വമായ ഇടവേളയ്ക്കു ശേഷം കോൺഗ്രസ് പാർട്ടിയിലേക്കു വീണ്ടും ദേശീയ ശ്രദ്ധ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്.
കോൺഗ്രസിന് ചലനാത്മകവും ഊർജ്ജ്വസ്വലവുമായ നേതൃത്വം വേണമെന്നത് ഏറ്റവും വലിയ ആവശ്യമാണ്. നിലവിലുള്ള നേതൃത്വം പല കാരണങ്ങളാൽ അതിന്റെ ദൗത്യനിർവഹണത്തിൽ തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽഗാന്ധി പ്രസിഡന്റ് പദം ഉപേക്ഷിച്ച് വനവാസത്തിന് പോയതോടെ ആ ഭാരം വീണ്ടും തലയിലേറ്റേണ്ടിവന്ന സോണിയാഗാന്ധിയുടെ നേതൃത്വത്തിനെതിരെ തന്നെയാണ് ഇപ്പോൾ വിമർശനങ്ങൾ ഉയരാൻ തുടങ്ങിയിരിക്കുന്നത്. കോൺഗ്രസിന്റെ പുതിയ ചരിത്രത്തിൽ അത്യപൂർവമാണ് ഈ സംഭവവികാസങ്ങൾ. അതേസമയം തന്നെ ഇനിയും വച്ചുതാമസിപ്പിക്കാനാവാത്ത ഒരനിവാര്യതയുമാണത്. പാർട്ടിയിലെ ചിന്താശേഷിയുള്ള സകലമാനപേരും ഈ നീക്കത്തെ അനുകൂലിക്കുമെന്നതിലും സംശയം വേണ്ട. വിഗ്രഹാരാധനയിൽ നിന്ന് പാർട്ടിയെ പുറത്തെത്തിക്കാനുള്ള കനകാവസരമായി ഇതിനെ മാറ്റിയെടുക്കുകയാണു വേണ്ടത്. പ്രവർത്തിക്കാത്ത പാർട്ടി നേതൃത്വത്തെ മാറ്റി പുതിയൊരു നേതൃത്വം വരണമെന്ന ആവശ്യം കലാപമായോ അതിരുവിട്ടതായോ ഒരു വിധത്തിലും കാണേണ്ടതില്ല. പഴമയുടെ തടവിൽ ഇനിയും പാർട്ടിയെ തളച്ചിട്ടാൽ ഇപ്പോഴുള്ള ജനസ്വാധീനം കൂടി നഷ്ടമാകുമെന്ന് നേതൃത്വം അറിയണം. പാർട്ടി ഭരണഘടന പ്രകാരം എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പു നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്താൻ മടിക്കുന്നതെന്തുകൊണ്ടാണ്? നേതൃത്വത്തിന്റെ ഇംഗിതമനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന കീഴ് ഘടകങ്ങൾക്ക് സംസ്ഥാനങ്ങളിൽ ഒരു നേട്ടവും കൈവരിക്കാനാവുകയില്ല. ഫലത്തിൽ അവർ പാർട്ടിയെയും കോൺഗ്രസ് പ്രവർത്തകരെയും ഒരുപോലെ വഞ്ചിക്കുകയാണ്. നേതൃമാറ്റം ആവശ്യപ്പെട്ടവർക്കെതിരെ പടവാളുമായി കേരളത്തിൽ നിന്നുള്ള നേതാക്കളിൽ ചിലർ ഇറങ്ങിക്കഴിഞ്ഞു. ആരും പരസ്യ അഭിപ്രായപ്രകടനങ്ങൾക്കു തുനിയരുതെന്നാണ് പി.സി.സി അദ്ധ്യക്ഷന്റെ നിലപാട്. കോൺഗ്രസിൽ ഒന്നും രഹസ്യമല്ലെന്ന വലിയ സത്യമാണ് അദ്ദേഹം വിസ്മരിക്കുന്നത്. അതിയായ ആഗ്രഹവും പ്രചോദനവും ഉൾക്കൊണ്ടില്ലെങ്കിൽ പാർട്ടി താഴെ തട്ടിലേക്കു തള്ളപ്പെടുമെന്ന ശശി തരൂരിന്റെയും പാർട്ടിയുടെ ഇപ്പോഴത്തെ പോക്ക് ശരിയല്ലെന്നുള്ള പി.ജെ. കുര്യന്റെയും പ്രസ്താവനകൾ അവഗണിച്ചു തള്ളേണ്ടവയല്ല.
കോൺഗ്രസ് നേതൃത്വം വിമർശനത്തിനതീതമായി സദാ നിലകൊള്ളണം എന്ന വാദത്തിന് ഇന്നത്തെ കാലത്ത് പ്രസക്തി കുറവാണ്. ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്ന് സ്വയം അവകാശപ്പെടുന്ന ഒരു പാർട്ടി നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ഉൾക്കൊള്ളാനും തയ്യാറാകണം. വിമർശനത്തിൽ കാമ്പുള്ളവയാണെങ്കിൽ അതനുസരിച്ചു മാറാനും തയ്യാറാകണം. കഴിഞ്ഞ വർഷം മേയിൽ സോണിയാഗാന്ധി താത്‌കാലികമായിട്ടാണ് വീണ്ടും പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. ഈ ആഗസ്റ്റ് 10-ന് പ്രസ്തുത കാലാവധി കഴിയുകയും ചെയ്തു. ഇതിനകം പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നതു തന്നെ പാർട്ടിയുടെ കഴിവുകേടാണ്. അതിനായി ഒരു ശ്രമവും നടന്നില്ലെന്നതാണു സത്യം.
കോൺഗ്രസ് അദ്ധ്യക്ഷയായി സോണിയ തന്നെ തുടരണമെന്ന ആവശ്യവുമായി സോണിയ അനുകൂലികളായ എം.പിമാരും കത്തെഴുതിക്കൊണ്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധിയുടെ കാലം തൊട്ടേ തുടങ്ങിയ ഏർപ്പാടാണിത്. നേതൃത്വത്തിനെതിരെ ആരെങ്കിലും രംഗത്തു വന്നാലുടൻ പിന്തുണ പ്രഖ്യാപനവുമായി അനുകൂലികൾ വരാൻ തുടങ്ങും. കോൺഗ്രസിന്റെ നാശോന്മുഖമായ പതനത്തിന്റെ തുടക്കം ഇത്തരം കപട പിന്തുണക്കാരിൽ നിന്നാണ്. എന്നാൽ ഇപ്പോൾ ഉണ്ടായിട്ടുള്ള നേതൃത്വ പ്രതിസന്ധി വിമർശകരുടെ വായടപ്പിച്ച് എളുപ്പം പരിഹാരം കാണാവുന്നതല്ല.
പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ തിങ്കളാഴ്ച നടന്ന പ്രവർത്തക സമിതി യോഗത്തിൽ സോണിയാഗാന്ധിനടത്തിയ അഭ്യർത്ഥന മുഖവിലയ്ക്കെടുക്കാൻ നേതാക്കൾ തയ്യാറാവുകയാണു വേണ്ടത്. അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടുമായി കഴിയുന്ന രാഹുൽഗാന്ധിയിൽ അദ്ധ്യക്ഷ സ്ഥാനം അടിച്ചേല്പിക്കുന്നതും അർത്ഥശൂന്യമാണ്. ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരാളാകണം ഇനി പാർട്ടി നേതൃസ്ഥാനത്തു വരാനെന്ന് ഒരുവർഷം മുൻപ് രാഹുൽഗാന്ധി തന്നെ അഭിപ്രായപ്പെട്ടത് ഓർമ്മയിൽ വരുന്നു. കഴിഞ്ഞയാഴ്ച പാർട്ടി ജനറൽ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്കഗാന്ധിയും ഈ അഭിപ്രായം പങ്കുവച്ചിരുന്നു. പുതുവഴി കണ്ടെത്താനാണ് പാർട്ടി ശ്രമിക്കേണ്ടതെന്ന പ്രിയങ്കയുടെ വാക്കുകൾ അവഗണിക്കേണ്ടതല്ല. യാഥാർത്ഥ്യബോധം പൂർണമായും ഉൾക്കൊണ്ട് ഇപ്പോഴത്തെ ദശാസന്ധിയിൽ നിന്ന് പാർട്ടിയെ കരകയറ്റാനുള്ള ഉത്തരവാദിത്വം അതിന്റെ തലപ്പത്തിരിക്കുന്ന എല്ലാവർക്കും ഉണ്ട്. പഴയതുപോലെ സ്തുതിപാഠം ചൊല്ലി പിരിയാനാണു ഭാവമെങ്കിൽ ഇപ്പോഴത്തെക്കാൾ വലിയ പടുകുഴിയിലാകും ചെന്നുവീഴുക എന്നു പാർട്ടിയെ നയിക്കുന്നവർ മനസിലാക്കണം.