തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിന്റെ വിപ്പ് തള്ളിയ ജോസ് വിഭാഗത്തിലെ രണ്ട് എം.എൽ.എമാരും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിന്റെയും സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇരുവരും എം.എൽ.എ ഹോസ്റ്റലിലുണ്ടായിരുന്നെങ്കിലും നിയമസഭയിലെത്തിയില്ല.
അതേസമയം, ജോസഫ് വിഭാഗത്തിന്റെ മൂന്ന് എൽ.എൽ.എമാരും രാജ്യസഭ തിരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും യു.ഡി.എഫിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
ജോസ് വിഭാഗക്കാരായ റോഷി അംഗസ്റ്റിനും എൻ.ജയരാജിനും ജോസഫ് വിഭാഗം വിപ്പ് മോൻസ് ജോസഫും ജോസഫ് വിഭാഗത്തിലെ മൂന്ന് അംഗങ്ങൾക്ക് റോഷി അഗസ്റ്റിനും വിപ്പ് നൽകിയിരുന്നു. ഇരുവിഭാഗവും വിപ്പുകൾ തള്ളിക്കളഞ്ഞതോടെ കേരള കോൺഗ്രസിലെ തർക്കങ്ങൾക്ക് പുതിയ രാഷ്ട്രീയമാനം കൈവന്നു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാന്റെ മുന്നറിപ്പ് ജോസ് വിഭാഗം തള്ളിയത് മുന്നണിയിലും ചലനങ്ങൾ സൃഷ്ടിക്കും.
നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. വിപ്പ് ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. മോൻസ് ജോസഫ് നൽകുന്ന വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫും മുന്നറിയിപ്പ് നൽകിയിരുന്നു.
ജോസഫ് പക്ഷത്തിനെതിരെ
പരാതി നൽകും :ജോസ്
കോട്ടയം :നിയമസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച പി .ജെ ജോസഫിനും, മോൻസ് ജോസഫിനുമെതിരെനടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകുമെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം ചെയർമാൻ ജോസ് കെ മാണി എം. പി അറിയിച്ചു.
ജനാധിപത്യപരമായ മര്യാദകൾ പാലിക്കാതെ പാർട്ടിക്കെതിരെ നടപടത്തിയെടുത്തവർ നിയമസഭയിൽ നടത്തിയ പരാമർശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു. നടക്കാത്ത ചർച്ചകളുടെയും ഇല്ലാത്ത ധാരണകളുടെയും പേരിൽ യു.ഡി.എഫിൽ നിന്നു പുറത്താക്കിയപ്പോൾ കേരളത്തിലെ ജനങ്ങളിലുംയു .ഡി .എഫിലും ഉയർന്ന പ്രതിഷേധം വഴിമാറ്റി വിടാനും, പുതിയൊരു നാടകത്തിനുമുള്ള ശ്രമമാണ് ഇപ്പോൾ നർക്കുന്നതെന്നും ജോസ് കെ മാണിപറഞ്ഞു..
വി.എസിനും തോമസിനും വോട്ട്
ചെയ്യാനായില്ല, രാജഗോപാൽ വിട്ടുനിന്നു
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദനും സി.എഫ്. തോമസിനും വോട്ട് ചെയ്യാനായില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഇരുവർക്കും നിയമസഭയിൽ എത്താൻ കഴിഞ്ഞില്ല. തപാൽവോട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചില്ല. സി.എഫ് തോമസ് കൊച്ചിയിൽ ചികിത്സയിലാണ്. കൊവിഡ് ചികിത്സയിൽ കഴിയുന്നവർക്ക് മാത്രമേ തപാൽ വോട്ട് അനുവദിക്കുകയുള്ളൂവെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
കേരള കോൺഗ്രസ് ജോസ് വിഭാഗം അംഗങ്ങളായ റോഷി അഗസ്റ്റിനും എൻ.ജയരാജും
ബി.ജെ.പി അംഗം ഒ. രാജഗോപാലും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആർക്കും വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സ്വതന്ത്രൻ പി.സി.ജോർജ് വോട്ട് ചെയ്തു. അയോഗ്യതയുള്ളതിനാൽ മുസ്ലിം ലീഗ് എം.എൽ.എ കെ.എം. ഷാജിക്കും എൽ.ഡി.എഫ് സ്വതന്ത്രൻ കാരാട്ട് അബ്ദു റസാഖിനും വോട്ട് ചെയ്യാനായില്ല.
.