assembly

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ കാരണം പതിവ് രീതികൾ മാറ്റിവച്ചുള്ള ഏകദിന നിയമസഭാ സമ്മേളനം അതുകൊണ്ടുതന്നെ സഭാചരിത്രത്തിന്റെ ഭാഗമായി.

രണ്ട് പേർക്ക് ഇരിക്കാവുന്ന വലിയ സീറ്റ് മാറ്റി ഒരോരുത്തർക്കും പ്രത്യേക സീറ്റ് രണ്ട് മീറ്റർ അകലത്തിലൊരുക്കിയത് ആദ്യമായി. എല്ലാ അംഗങ്ങളെയും ആൻറിജൻ പരിശോധനയ്ക്ക് വിധേയരാക്കി.അംഗങ്ങൾ മാസ്ക്ക് ധരിച്ച് സാമൂഹിക അകലം പാലിച്ചു. ചിലർ ഫേസ് ഷീൽഡും മറ്റ് ചിലർ കൈയുറയും അണിഞ്ഞിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിച്ച വി.ഡി. സതീശൻ പ്രസംഗവേളയിൽ മാസ്ക്ക് വേണ്ടെന്ന് വച്ചു. പലരും ആ പാത പന്തുടർന്നപ്പോൾ മാസ്ക്ക് ധരിച്ച് സംസാരിച്ചവരുമുണ്ടായിരുന്നു.

സ്പീക്കർ ശ്രീരാകൃഷ്ണൻ മാസ്ക്ക് ധരിച്ചിരുന്നെങ്കിലും സംസാരവേളയിൽ മാസ്ക്ക് താഴ്ത്തി. മുഖ്യമന്ത്രി പിണറായി വിജയൻ മാസ്ക്ക് വച്ചു പ്രസംഗിച്ച് തുടങ്ങിയെങ്കിലും പ്രതിപക്ഷത്തിന്റെ കൂരമ്പുകളായപ്പോൾ മാസ്ക്ക് താഴ്ത്തി കടുത്ത ഭാഷയിൽ നേരിട്ടു.

എം.എൽ.എ ഹോസ്റ്റലിലും നിയമസഭയിലും ആന്റിജൻ പരിശോധനാ സൗകര്യം ഒരുക്കിയിരുന്നു.

അംഗങ്ങളുടെ മേശപ്പുറത്ത് സാനിറ്റൈസറും ഉണ്ടായിരുന്നു. ഗ്യാലറികൾ ഒഴിഞ്ഞു കിടന്നു. ഇലക്ട്രോണിക് വോട്ടെടുപ്പിനു പകരം കൈ ഉയർത്തിയായിരുന്നു വോട്ടെടുപ്പ്. നിയമസഭ ടി.വിയിലൂടെയായിരുന്നു തത്സമയ സംപ്രേഷണം.