കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത സിനിമയായിരുന്നു ട്രാൻസ്. ഫഹദ് ഫാസിൽ നായകനായ ചിത്രം റിലീസിന് മുമ്പ് തന്നെ ഏറെ ചർച്ചയായിരുന്നു. നസ്രിയ, ദിലീഷ് പോത്തൻ, ഗൗതം മേനോൻ, ചെമ്പൻ വിനോദ്, തുടങ്ങി നിരവധി പേർ അഭിനയിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് അമൽ നീരദ് ആയിരുന്നു. എന്നാൽ ഈ ചിത്രത്തിനായി ഒറ്റ രൂപ പോലും പ്രതിഫലമായി അമൽ നീരദും ഫഹദും വാങ്ങിയിട്ടില്ല. സംവിധായകൻ അൻവർ റഷീദ് തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഒരു അഭിമുഖത്തിലാണ് അൻവർ റഷീദ് ഇത് വെളിപ്പെടുത്തിയത്.
"ട്രാൻസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. അമലിനും ഫഹദിനും അത് അങ്ങനെ തന്നെയായിരിക്കും. ഞങ്ങളെ സംബന്ധിച്ച് ഫലത്തേക്കാളുപരി ആ പ്രക്രിയയായിരുന്നു പ്രധാനപ്പെട്ടത്. ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. അവരുടെ വിശ്വാസത്തിനും സൗഹൃദത്തിനും ഞാൻ കടപ്പെട്ടിരിക്കുന്നു" അൻവർ പറഞ്ഞു. അതേസമയം അൽഫോൺസ് പുത്രൻ - അൻവർ റഷീദ് ടീം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുകയാണ്. അൽഫോൺസിന്റെ പുതിയ ചിത്രവും നിർമ്മിക്കുന്നത് അൻവർ റഷീദ് തന്നെയാണ്. ഇതിന് പുറമെ മറ്റ് രണ്ട് സിനിമകൾ കൂടി അൻവർ റഷീദ് പ്രഖ്യാപിച്ചിട്ടുണ്ട്
ട്രാൻസിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ തമിഴിലാണ്. കൈതി ഫെയിം അർജുൻ നായകനാവുന്ന ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസ് ആണ്. ഇതിന് പുറമെ സോഷ്യൽ മീഡിയയിൽ വൈറലായ ഒതളങ്ങതുരുത്ത് വെബ്ബ് സീരിസും സിനിമയാക്കാൻ ഒരുങ്ങുകയാണ് അൻവർ.