തിരുവനന്തപുരം: ഓണത്തിന് നാലുനാൾ ബാക്കി നിൽക്കെ നഗരത്തിൽ വഴിയോരക്കച്ചവടവും സജീവമായി. സാധാരണ ഓണക്കച്ചവടത്തിനു രണ്ടാഴ്ച മുമ്പുതന്നെ നഗരത്തിൽ വഴിയോരക്കച്ചവടം സജീവമാകുമായിരുന്നു. എന്നാൽ ഈ വർഷം നഗരത്തിലെ കൊവിഡ് സമൂഹവ്യാപന ഭീഷണയും ലോക്ക് ഡൗണും കച്ചവടം മന്ദഗതിയിലാക്കി. ലോക്ക് ഡൗണിൽ വിജനമായിക്കിടന്ന നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ വഴിയോരക്കച്ചവടക്കാർ ഇടംപിടിച്ചിട്ടുണ്ട്. ചെറിയ കടകളുടെ മാതൃകയിൽ താത്കാലിക സ്റ്റാൻഡിൽ ഉറപ്പിച്ച വസ്ത്ര വില്പന കേന്ദ്രങ്ങളാണ് ഓണക്കാലത്ത് നഗരത്തിലെ പ്രധാന കാഴ്ച. കൊവിഡ് ആശങ്ക കാരണം ഓണത്തിന് പ്രതീക്ഷിക്കുന്ന കച്ചവടം നടക്കില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. കടകൾ സജീവമായെങ്കിലും പതിവ് തിരക്ക് ഇതുവരെയുണ്ടായില്ല,​ വരും ദിവസങ്ങളിൽ കച്ചവടം സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. നഗരത്തിലെ പ്രധാന കമ്പോളമായ ചാലയിലും വഴിയോരക്കച്ചവടം സജീവമായിത്തുടങ്ങി. കിഴക്കേകോട്ട, പഴവങ്ങാടി, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിൽ വഴിയോരക്കച്ചവടക്കാർ കൂടുതലായി എത്തിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ പരമാവധി ഒഴിവാക്കണമെന്നും പരിസരത്തുള്ള പൂക്കൾകൊണ്ട് അത്തപ്പൂക്കളമൊരുക്കണമെന്നും നിർദ്ദേശം വന്നതോടെ പൂ വാങ്ങുന്നതിൽ പലരും വിമുഖത കാണിക്കുന്നതായി വില്പനക്കാർ പറയുന്നു. തോവാളയിൽ നിന്നാണ് പ്രധാനമായും ചാലയിലേക്ക് പൂ എത്തുന്നത്. ഹോട്ടലുകളിൽ പാഴ്സൽ സംവിധാനമാണങ്കിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. കൊവിഡ് ഭീഷണയുള്ളതിനാൽ കർശന നിയന്ത്രണങ്ങളുമായി പൊലീസും രംഗത്തുണ്ട്. ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കാനും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുണ്ടെന്ന് ഉറപ്പാക്കാനും പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നഗരസഭയും അർബൻ ഓർഗാനിക് ഫാമും സ്വസ്‌തി ഫൗണ്ടേഷനും ചേർന്ന് പച്ചക്കറികൾ ആവശ്യക്കാർക്ക് വീടുകളിലെത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 8 കിലോ വരുന്ന വിവിധയിനം പച്ചക്കറികളുള്ള കിറ്റിന്റെ വില 699 രൂപയാണ്. നഗരസഭാ പരിധിയിലാണ് പച്ചക്കറി കിറ്റുകളുടെ ഹോം ഡെലിവറി. 27ന് സംവിധാനത്തിന് തുടക്കമാകും. ഫോൺ: 9995557869