health

പ്രമേഹത്തെ കടിഞ്ഞാണിടാൻ സാധാരണ ഗതിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ആഹാരത്തിന് മുമ്പുള്ള അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് 100 mg % താഴെയും ആഹാരത്തിന് ശേഷം 140 mg % ത്തിനു താഴെയുമായി ക്രമീകരിച്ചുനിർത്തുന്നു. ഇതു കണ്ടെത്താനായി പ്രഭാതഭക്ഷണത്തിന് മുമ്പും ഭക്ഷണത്തിന് രണ്ടുമണിക്കൂർ ശേഷവും രക്തപരിശോധന നടന്നതാണ് പതിവ്. എന്നാൽ അടുത്തകാലത്തായി

കൂടുതൽ ആധികാരികമെന്ന് കണക്കാക്കുന്നത് എച്ച്.ബി.എ 1 സി പരിശോധനയാണ്. രക്തത്തിലെ ഗ്ളൈക്കോസിറ്റേഡ് ഹീമോഗ്ളോബിൻ അളവ് നിർണയിക്കുന്ന രീതിയാണിത്. പ്രമേഹ രോഗിയുടെ കഴിഞ്ഞ മൂന്നു മാസത്തെ ഗ്ളൂക്കോസ് നിലവാരം അറിയാൻ ഇതു നമ്മളെ സഹായിക്കും. എന്നാൽ ഈ രണ്ടു പരിശോധനകൾക്കും അതിന്റേതായ ചില പോരായ്മകളുണ്ട്. ഉദാഹരണത്തിന് ഗ്ളൂക്കോമീറ്റർ പരിശോധനയിൽ പഞ്ചസാരയുടെ അളവ് തുടരെ സാധാരണ നിലയിൽ കാണപ്പെട്ടാലും എച്ച് .ബി. എ 1 സി പരിശോധനയിൽ എട്ടിനു മുകളിൽ എന്ന ഉയർന്ന അവസ്ഥയിൽ കാണപ്പെടാം.

ദിവസത്തെ ഏതു സമയത്തെ ഗ്ളൂക്കോസിന്റെ വർദ്ധന കൊണ്ടാണ് എച്ച്. ബി. എ 1 സി കുടിയതെന്ന് നിർണയിക്കുക പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് രാത്രിയിലെ ഗ്ളൂക്കോസ് നില. ഇത്തരം സാഹചര്യങ്ങളിലാണ് തുടർച്ചയായ ഗ്ളൂക്കോസ് നിരീക്ഷണ രീതി അതായത് കണ്ടിന്യൂസ് ഗ്ളൂക്കോസ് മോണിട്ടറിംഗിന്റെ (സി.ജി.എം)​

പ്രസക്തി വർദ്ധിക്കുന്നത്.

നിരീക്ഷണം തുടർച്ചയായി

പ്രമേഹരോഗ നിയന്ത്രണം സംബന്ധിച്ച് ഗ്ളൂക്കോസ് പരിശോധനാരീതിയിലെ ഏറ്റവും മെച്ചപ്പെട്ട സമ്പ്രദായമാണ് സി.ജി.എം. ഈ രീതി അവലംബിക്കുന്നതിലൂടെ രോഗിയുടെ രക്തത്തിലെ ഗ്ളൂക്കോസ് തുടർച്ചയായി നിരീക്ഷിക്കാനും അതിലൂടെ നിയന്ത്രിക്കാനാവശ്യമായ

പ്രതിവിധികൾ നിർദ്ദേശിക്കാൻ കഴിയും. തുടർച്ചയായ ഗ്ളൂക്കോസ് നിരീക്ഷണ രീതിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മൂന്ന് മുതൽ അഞ്ച് ദിവസം വരെ ഇടതടവില്ലാതെ നിർണയിക്കുന്നു. കൃത്യമായി പറഞ്ഞാൽ ഓരോ അഞ്ചുമിനിട്ടിലും രക്തത്തിലെ പഞ്ചസാര നില നിർണയിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ രോഗിയുടെ ജീവിതശൈലിയിലെ ഓരോ മാറ്റവും എന്തെന്തു വ്യത്യാസങ്ങളാണ് വരുത്തുന്നതെന്ന് മനസിലാക്കാൻ കഴിയും.

ഭക്ഷണവും വ്യായാമവും മരുന്നുകളും രോഗിയുടെ ഗ്ളൂക്കോസ് നിലയിൽ വരുത്തുന്ന മാറ്റങ്ങൾ അപ്പപ്പോൾ തന്നെ രേഖപ്പെടുത്തുന്നതിനാൽ മാറ്റം വേണ്ട മേഖലകൾ കണ്ടെത്തുന്നതിനും വേണ്ട ഇടപെടലുകൾ നടത്തുന്നതിനും സാധിക്കും എന്നതാണ് പ്രധാന മെച്ചം.

ആർക്കാണ് സി.ജി.എം?​

1. രക്തത്തിൽ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ കുറഞ്ഞുപോകുന്ന രോഗികൾ.

2. ഹൈപ്പോഗ്ളൈസീമിയയെ സംബന്ധിച്ച് അവബോധം ഇല്ലാത്ത രോഗികൾ.

3. തുടരെയുള്ള പരിശോധനകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമായി കാണപ്പെടുമ്പോഴും എച്ച്.ബി.എ 1സി പരിശോധനാഫലം ഉയർന്നിരിക്കുന്ന അവസ്ഥയിൽ.

4. ഗ്ളൂക്കോമീറ്റർ ഉപയോഗിച്ചുള്ള സ്വയം പരിശോധനരീതിയിലൂടെ രോഗനിയന്ത്രിക്കാൻ കഴിയാത്ത രോഗികൾ.

5. പ്രമേഹരോഗികൾ ഗർഭിണികളായാൽ.

വിവരവിശകലനം അഞ്ച് ദിവസംവരെ

ത്വക്കിനടിയിൽ നിക്ഷേപിക്കുന്ന ഒരു ഗ്ളൂക്കോസ് സെൻസർ, അത് നിക്ഷേപിക്കുന്നതിനായുള്ള ഇൻസെർഷൻ ഉപകരണം. വിവരശേഖരണത്തിനായുള്ള ഒരു റിക്കോർഡർ, ചാർജർ, ഡാറ്റാകേബിൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ സംവിധാനം. ഇതിൽ സെൻസർ ഒഴികെയുള്ള മറ്റെല്ലാ ഉപകരണങ്ങളും വീണ്ടും ഉപയോഗിക്കാം. പരിശോധന ദിവസങ്ങളിൽ രോഗി ദിവസേന കഴിക്കുന്ന ഭക്ഷണം, ലഭിക്കുന്ന വ്യായാമം എന്നിവയെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണം. ഇപ്രകാരം സെൻസറിൽ രേഖപ്പെടുത്തിയ വിവരങ്ങൾ മൂന്ന് മുതൽ അഞ്ച് ദിവസത്തിനുശേഷം ഒരു ഡാറ്റാ മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് മാറ്റി വിശകലനം ചെയ്യുന്നു.

കൃത്യം, ശാസ്‌ത്രീയം

ഗ്ളൂക്കോമീറ്റർ പരിശോധനയിൽ ഒരു പ്രത്യേക സമയത്തെ ഗ്ളൂക്കോസിന്റെ അളവ് മാത്രം ലഭിക്കുമ്പോൾ തുടർച്ചയായ നിരീക്ഷണരീതിയിൽ ആഹാരത്തിനു മുമ്പും ആഹാരത്തിനു ശേഷവും മരുന്നുകൾ ഉപയോഗിക്കുമ്പോഴും ശാരീരിക ആയാസം ഉണ്ടാകുമ്പോഴും ഒക്കെയുള്ള ഗ്ളൂക്കോസ് വ്യതിയാനം വ്യക്തമായി അറിയാൻ കഴിയും.

വിശകലന റിപ്പോർട്ട് ലഭിക്കുന്ന ഘട്ടം വരെ രോഗി പരിശോധന ഫലത്തെക്കുറിച്ച് അറിയില്ലെന്നതിനാൽ രോഗിക്ക് പരിശോധനാഫലത്തെ സ്വാധീനിക്കാൻ കഴിയില്ല. രക്തക്കുഴലുകളിലെ രക്തത്തിലെ ഗ്ളൂക്കോസ് നിലയാണ് ഗ്ളൂക്കോമീറ്റർ ഉപയോഗിച്ച് പരിശോധിക്കുന്നത്. എന്നാൽ തുടർച്ചയായ നിരീക്ഷണരീതിയിൽ കോശാന്തര സ്ഥലത്തെ ഗ്ളൂക്കോസിന്റെ അളവാണ് നിർണയിക്കപ്പെടുന്നത്.

രക്തത്തിൽ നിന്ന് കോശാന്തര ഭാഗത്തേക്ക് ഗ്ളൂക്കോസ് എത്തുന്നതിന് ഏകദേശം 20 മിനിട്ട് വരെ സമയം എടുക്കും. ഈ സമയത്തിനിടയിൽ ഗ്ളൂക്കോമീറ്റർ റീഡിംഗും സെൻസർ റീഡിങ്ങും തമ്മിൽ വ്യതിയാനം ഉണ്ടാകുന്നു. ഈ സമയത്തെ സെൻസർ റീഡിംഗിന് കൂടുതൽ കൃത്യത ഉണ്ടായിരിക്കും.

മികച്ച അവബോധം ആയാസരഹിതം

രോഗികൾക്ക് തന്റെ ശരീരത്തിലെ പഞ്ചസാരനിലയെക്കുറിച്ച് വ്യക്തമായ അവബോധം കിട്ടുന്നുവെന്നതാണ് സി.ജി.എം രീതിയുടെ ഗുണം. മാത്രമല്ല,​ ആയാസരഹിതവും തികച്ചും വേദനാരഹിതവുമാണ് . ഡോക്ടർക്കും കൃത്യമായ മരുന്നുകളും വ്യായാമവും ഭക്ഷണക്രമവും നിർദ്ദേശിക്കാൻ ഇതിലൂടെ കഴിയും. ഭാവിയിൽ അവലോകന റിപ്പോർട്ട് ഫലപ്രദമായി ഉപയോഗപ്പെടുത്താനും കഴിയും. പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകുന്ന അവസ്ഥയായ ഹൈപ്പോഗ്ളൈസീമിയയും ഉയർന്നിരിക്കുന്ന അവസ്ഥയായ ഹൈപ്പർഗ്ളൈസീമിയയും ലക്ഷണമില്ലാതെ പെട്ടെന്നുണ്ടാകുന്നതു നിരീക്ഷിക്കാനും തടയാനും പറ്റും.