കിളിമാനൂർ: ഓണ നാളുകൾ അടുക്കും തോറും കിളിമാനൂരിൽ ഗതാഗതക്കുരുക്ക് മുറുകുന്നു. കിളിമാനൂരിൽ പാർക്കിംഗ് സൗകര്യമില്ലാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്നവർ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. വരും ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും.
റോഡ് വികസന പദ്ധതികൾ ഒന്നിന് പിറകെ ഒന്നായി വരുമ്പോഴും കിളിമാനൂർ ടൗണിനെ അലട്ടുന്ന പ്രധാന പ്രശ്നം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതാണ്. നൂറു കണക്കിന് വാഹനങ്ങളാണ് കിളിമാനൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്ത് വരുന്നത്. സംസ്ഥാന പാതയിലാണ് കിളിമാനൂർ ടൗൺ സ്ഥിതി ചെയ്യുന്നത്. ഒരു വ്യാഴവട്ടകാലം മുൻപ് വെഞ്ഞാറമൂട് തൈക്കാട് മുതൽ അങ്കമാലി വരെയുള്ള സംസ്ഥാന പാത കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ വികസനം ആരംഭിച്ചതോടെയാണ് കിളിമാനൂർ ടൗണിന്റെ ശനിദശ ആരംഭിച്ചത്.
പുറമ്പോക്ക് ഭൂമിയും കൈയേറ്റങ്ങളും ഒക്കെ ഒഴിപ്പിച്ച് റോഡ് വികസനം നടപ്പാക്കിയപ്പോൾ ഗതാഗതക്കുരുക്ക് ഒഴിയുന്നതോടൊപ്പം പാർക്കിംഗ് സൗകര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ നിലവിലുണ്ടായിരുന്ന ട്രാഫിക് ഐലന്റുകൾ പൊളിച്ച് മാറ്റി അശാസ്ത്രീയമായ രീതിയിൽ പുതിയ ഐലന്റുകൾ നിർമ്മിച്ചു. വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ടൗണിൽ ഗതാഗതക്കുരുക്കിന് ഇത് ഇടയാക്കി, നിത്യേന ചെറുതും വലുതുമായ അപകടങ്ങൾക്കും ഇത് കാരണമായി.
പുറമ്പോക്കും കൈയേറ്റങ്ങളും ഒഴിപ്പിച്ച സ്ഥലം പാർക്കിംഗിന് ഇടം നൽകാതെ നിലവിൽ ഉണ്ടായിരുന്ന ഓട പുതുക്കി പണിയുകയാണ് കെ.എസ്.ടി.പി ചെയ്തത്.