കടയ്‌ക്കാവൂർ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഞ്ചുതെങ്ങിൽ 18 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. അഞ്ചുതെങ്ങ് സി.ഐക്കും രോഗം സ്ഥിരീകരിച്ചു. 199 പേരെയാണ് മൂന്നു കേന്ദ്രങ്ങളിലായി പരിശോധിച്ചത്. സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ 74 പേരെ പരിശോധിച്ചതിൽ ആറുപേർക്കും മാമ്പള്ളി എൽ.പി സ്‌കൂളിൽ 75 പേരെ പരിശോധിച്ചതിൽ 12 പേർക്കുമാണ് രോഗം കണ്ടെത്തിയത്. പൂത്തുറ സെന്റ് ജോസഫ് ക്ലൂണി സ്‌കൂളിൽ 50 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ലെന്ന് കണ്ടെത്തി. നോഡൽ ഓഫീസർ ഡോ. രാമകൃഷ്‌ണ ബാബുവിന്റെ നേതൃത്വത്തിൽ ഡോ. നീലിമ, ഡോ. നവീന, ഡോ. മഹേഷ് എന്നിവരാണ് പരിശോധന നടത്തിയത്.