mathai

പത്തനംതിട്ട: ചിറ്റാർ കുടപ്പന പടിഞ്ഞാറെചരുവിൽ പി.പി. മത്തായി (പൊന്നു 41) വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച കേസിൽ സി.ബി.ഐ സംഘം പ്രാഥമികാന്വേഷണം നടത്തി.
എസ്.പി നന്ദകുമാർ, ഡിവൈ.എസ്.പി അനന്തകൃഷ്ണൻ എന്നിവർ മത്തായിയുടെ ഭാര്യ ഷീബാമോൾ, സഹോദരൻ പി.പി. വിൽസൺ എന്നിവരെ തിരുവനന്തപുരം ഓഫീസിൽ വിളിച്ചുവരുത്തി സംസാരിച്ചു. നാല് മണിക്കൂറോളം കുടുംബാംഗങ്ങളിൽ നിന്ന് വിവരശേഖരണം നടത്തി. കുടുംബത്തിന്റെ അഭിഭാഷകരായ ജോണി കെ. ജോർജും അലനും ഇവർക്കൊപ്പമുണ്ടായിരുന്നു.
മത്തായിയുടെ മരണം സി.ബി.ഐക്ക് കൈമാറി വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതേത്തുടർന്ന് എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തിൽ കേസിന്റെ പ്രാഥമികാന്വേഷണം ആരംഭിക്കുകയായിരുന്നു. മത്തായിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞിട്ടുമതിയെന്ന് സി.ബി.ഐ സംഘം നിർദ്ദേശിച്ചു. നിലവിലെ കേസ് ഡയറിയും പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിശോധിച്ചശേഷം റീ പോസ്റ്റുമോർട്ടം വേണമോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കും..സ്ഥലപരിശോധന അടക്കം ഉടനുണ്ടാകും.