trivandrum-airport

ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി നിയമസഭ, ഒ.രാജഗോപാലും എതിർത്തില്ല

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രതീരുമാനം പുനഃപരിശോധിച്ച് മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള കമ്പനിക്ക് നല്‍കണമെന്ന് നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ലേലത്തിൽ അദാനി നൽകാൻ തയ്യാറായ തുക സംസ്ഥാന സർക്കാർ നല്‍കാമെന്ന് സമ്മതിച്ചിട്ടും വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിന് നീതീകരണമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലയിൽ നിലനിന്നപ്പോൾ വിമാനത്താവളത്തിന് നല്‍കിയ സഹായസഹകരണങ്ങൾ സ്വകാര്യവത്കരിച്ചാൽ നൽകാനാവില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള ലേലത്തിൽ പങ്കെടുക്കുന്നതിന് അദാനിയുടെ മരുമകളുടെ കമ്പനിയിൽ നിന്ന് നിയമോപദേശം തേടിയ സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തെങ്കിലും, സംസ്ഥാന താത്പര്യം മുൻനിറുത്തി പ്രതിപക്ഷം പ്രമേയത്തെ അനുകൂലിച്ചു. ബി.ജെ.പി അംഗം ഒ.രാജഗോപാലും എതിർത്തില്ല.

സർക്കാർ നടത്തിയത്

ജനവഞ്ചന: പ്രതിപക്ഷം

വിമാനത്താവളം ലേലത്തിലെടുക്കാനുള്ള കൺസൾട്ടൻസി അദാനിയുമായി ബന്ധമുള്ള സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനിക്ക് സർക്കാർ നൽകിയത് വഞ്ചനയും, ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പരസ്യമായി അദാനിയെ എതിർക്കുകയും രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രതിപക്ഷം സ്വകാര്യമേഖലയ്ക്ക് എതിരല്ല. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങൾ പൊതു-സ്വകാര്യമേഖലയിലാണ്. പരിചയസമ്പന്നരായ സിയാലിനെ ഒഴിവാക്കി, ടെൻഡറില്ലാതെ അദാനി ബന്ധമുള്ള കമ്പനിയെ ആരുടെ നിർദ്ദേശപ്രകാരമാണ് കൺസൾട്ടന്റാക്കിയത്? മറ്റ് രാജ്യങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തിയ കെ.പി.എം.ജിയെയും കൺസൾട്ടന്റാക്കി. നീരവ്മോഡി പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന കുപ്രസിദ്ധ കമ്പനിയാണ് സിറിൾ മംഗൾദാസ്. ലേലത്തിൽ പങ്കെടുത്തില്ലെങ്കിൽ വിമാനത്താവള നടത്തിപ്പ് നേടിയെടുക്കാൻ മറ്റ് മാർഗങ്ങൾ തേടാമായിരുന്നു- ചെന്നിത്തല പറഞ്ഞു.

ലേലത്തുക നിശ്ചയിച്ചത്

അവരല്ല: മുഖ്യമന്ത്രി

രാജ്യത്തെ പ്രമുഖ നിയമസ്ഥാപനമായതിനാലാണ് മംഗൾദാസിനെ കൺസൾട്ടന്റാക്കിയതെന്നും ലേലത്തുക നിശ്ചയിച്ചത് ചീഫ്സെക്രട്ടറിയുടെ വിദഗ്ദ്ധസമിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

. ആ സ്ഥാപനത്തിനു നിയമപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്നാണ് സർക്കാർ നോക്കിയത്. നിയമപരമായ കാര്യങ്ങൾ മാത്രമാണ് അവരെ ഏൽപ്പിച്ചത്. ക്വട്ടേഷൻ നൽകിയതിൽ ഒരുതരത്തിലുള്ള ഇടപെടലുമുണ്ടായിട്ടില്ല. അന്നത്തെ സാഹചര്യത്തിൽ നിശ്ചയിച്ച ലേലത്തുക ശരിയായിരുന്നു. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ, മറ്റൊരാളുടെ സഹായം തേടുംപോലെയാണ് നിയമസഹായം തേടിയത്- മുഖ്യമന്ത്രി പറഞ്ഞു.