തിരുവനന്തപുരം: സുധടീച്ചറെ നാട്ടിലെല്ലാവർക്കും അറിയാം. കാഞ്ഞിരംകുളം പഞ്ചായത്തിലെ ഊറ്ററയിലെ പുരയിടത്തിൽ വെട്ടിക്കിളച്ച് മരിച്ചീനി നടുന്ന തൊഴിലുറപ്പ് ജോലിക്കാരുടെ കൂട്ടത്തിൽ സുധടീച്ചറുണ്ട്. ഹിന്ദിയിൽ ബി.എഡും എം.എയും എം.ഫിലും പിഎച്ച്.ഡിയും എടുത്ത സുധ ഇപ്പോഴും മൺവെട്ടിയുമായി ഇറങ്ങും. കുടുംബം പോറ്റാൻ.
സ്ഥിരവരുമാനം ലഭിക്കുന്ന ജോലിയായിട്ടില്ല കരിച്ചൽ എസ്.ഡി ഭവനിൽ സുധയ്ക്ക്. പി.എസ്.സിയുടെ നിരവധി റാങ്ക് ലിസ്റ്റുകളിൽ പേരുണ്ട്. പ്രായം 41. ഇനിയൊരു പരീക്ഷയ്ക്ക് അപേക്ഷിക്കാനാകില്ല. കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്ത മാസം കഴിയും. അതിൽ 13 പേരെ നിയമിച്ചാൽ 40-ാം റാങ്കുകാരിയായ സുധയ്ക്കും ജോലി കിട്ടും. നെയ്ത്തുതൊഴിലാളിയുടെ ഇളയ മകളായ ടി. സുധ ബി.എഡിനു പഠിച്ചുകൊണ്ടിരിക്കെ 2000ത്തിലാണ് കൂലിപ്പണിക്കാരനായ ഡി. സന്തോഷ്‌കുമാറിനെ കല്യാണം കഴിച്ചത്. അപ്പോൾ സന്തോഷ് ഒരു വാക്ക് കൊടുത്തു. പഠിക്കാവുന്നത്രയും പഠിപ്പിക്കാം.
എൻ. ഗോപിയുടെയും തങ്കമണിയുടെയും മൂത്ത രണ്ടുമക്കളുടെയും പഠനം പത്തിൽ അവസാനിച്ചപ്പോൾ ഇളയവളായ സുധയാണ് മുന്നേറിയത്. പാരലൽ കോളേജിൽ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കെ ട്യൂഷൻഫീസിനു വേണ്ടി വീടുകളിൽ പഠിപ്പിക്കാൻ പോയി. അരപ്പട്ടിണിയുടെ നാളുകളായിരുന്നു അന്ന്. രാവിലെ ട്യൂഷനെടുക്കുന്ന വീട്ടിൽ നിന്നു പ്രഭാത ഭക്ഷണം, രാത്രി മറ്റൊരു വീട്ടിൽ നിന്ന്. ഉച്ചയ്ക്ക് ചൂടുവെള്ളം കുടിക്കും.
എം.എ പഠിക്കാൻ കാര്യവട്ടം കാമ്പസിലെത്തിയപ്പോൾ 'കോളേജ് ലക്ചറർ ആകാനാണ് ശ്രമിക്കേണ്ടത്' എന്നു പറഞ്ഞ് ഊർജം നിറച്ചത് അദ്ധ്യാപിക എസ്.ആർ. ജയശ്രീയായിരുന്നു. പഠിക്കേണ്ട പുസ്തകങ്ങളൊക്കെ ടീച്ചർ നൽകി. എം.എ പരീക്ഷയ്ക്കു മുമ്പായിരുന്നു രണ്ടാമത്തെ പ്രസവം. എന്നിട്ടും 67 ശതമാനം മാർക്കോടെ വിജയം. എം.ഫിൽ പഠിക്കാൻ തിരുനൽവേലി എം.എസ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. റിസർച്ച് കേരള ഹിന്ദി പ്രചാരസഭയിലെ ഡോ. പി.ജെ. ശിവകുമാറിന്റെ കീഴിലായിരുന്നു. കഴിഞ്ഞ വർഷം പിഎച്ച്.ഡി ലഭിച്ചു.
കണ്ണീരൊപ്പാൻ എന്നും
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന കോട്ടുകൾ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് സുധ ടി.വി വാങ്ങി നൽകിയത് തൊഴിലുറപ്പിൽ നിന്നുകൂടി കിട്ടിയ പണം കൊണ്ടാണ്. രോഗികളെയും നിരാലംബരെയും കഴിയുംവിധം സഹായിക്കും. സൗജന്യമായി ട്യൂഷൻ നൽകും.