തിരുവനന്തപുരം:ആഘോഷങ്ങൾക്ക് കടിഞ്ഞാൺ വീണെങ്കിലും ഓണത്തിന് പാൽക്കച്ചവടം പൊലിപ്പിക്കാൻ മിൽമ ഒരുക്കം തുടങ്ങി. കഴിഞ്ഞ ഓണത്തിന് മിൽമ ഉത്പന്നങ്ങൾക്ക് റെക്കോഡ് വിൽപനയായിരുന്നു. ഇക്കുറി അത്രത്തോളം വരില്ലെങ്കിലും മോശമാവില്ലെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞതവണ പൂരാടം, ഉത്രാടം ദിവസങ്ങളിൽ സംസ്ഥാനത്താകെ 46.60 ലക്ഷം ലിറ്റർ പാലും 5.89 ലക്ഷം ലിറ്റർ തൈരും വിറ്റിരുന്നു.മിൽമയുടെ ചരിത്രത്തിലെ റെക്കോർഡ് വിൽപനയായിരുന്നു ഇത്. ഓണക്കാല വിൽപന ചർച്ചചെയ്യാൻ ഇന്ന് മിൽമയുടെ യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
പ്രതിദിനം 14.5 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് മിൽമ വില്പന നടത്തുന്നത്. ഓണക്കാലത്ത് ശേഖരിക്കുന്ന പാൽ കുറവായാൽ ഇക്കുറിയും കർണാടക മിൽക് ഫെഡറേഷനെ സമീപിക്കുമെന്ന് തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ് പറഞ്ഞു.
ഓണത്തിന് പാൽ വിൽപനയിൽ കുറവുണ്ടാകില്ലെന്നാണ് കരുതുന്നത്. ആവശ്യാനുസരണം പാലും പാൽ ഉത്പന്നങ്ങളും ലഭിക്കാനുള്ള സൗകര്യമൊരുക്കും.
- പി.എ.ബാലൻ മാസ്റ്റർ
ചെയർമാൻ, മിൽമ