ks2

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ നിയമസഭയ്ക്കകത്ത് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കു പുറത്ത് ബി.ജെ.പി പ്രതിഷേധം. ഇന്നലെ ഉച്ചയോടെ പ്രതിഷേധവുമായെത്തിയ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുംവരെ ബി.ജെ.പി പ്രതിഷേധം തുടരുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറുമൊക്കെ ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ്. എല്ലാ വിവരങ്ങളും അറിയാമായിരുന്നിട്ടും എല്ലാം മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖ്യമന്ത്രിക്കു രക്ഷപെടാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറ‌ഞ്ഞു.
തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ ഭരണപ്രതിപക്ഷ പ്രമേയ ചർച്ചയിൽ തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നു പറഞ്ഞ് സംസാരിക്കാൻ കൈ ഉയർത്തിയ ഒ.രാജഗോപാൽ എം.എൽ.എയെ അതിന് അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇത് ജനാധിപത്യത്തിന്റെ കറുത്ത ദിനമായി ചരിത്രം രേഖപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ സർക്കാരിന്റെ കാലത്ത് സരിതയായിരുന്നെങ്കിൽ കമ്മ്യൂസിറ്റ് സർക്കാരിന്റെ കാലത്ത് സ്വപ്ന എന്നത് മാത്രമാണ് വ്യത്യാസം. ബാക്കി അഴിമതികളെല്ലാം ഒന്നുതന്നെയാണെന്നും ഒ.രാജഗോപാൽ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ, വൈസ് പ്രസിഡന്റ് വി.ടി. രമ, സി.ശിവൻകുട്ടി, എസ്.സുരേഷ്, വി.വി. രാജേഷ് എന്നിവരെയാണ് സുരേന്ദ്രനൊപ്പം അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടു. തുടർന്ന് യുവമോർച്ച പ്രവർത്തകരും നിയമസഭയിലേക്കു മാർച്ച് നടത്തി. കെ.സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി, യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചു.