തിരുവനന്തപുരം : കൊവിഡ് കാലത്ത് 14 ജില്ലകളിലെ 105 ചിത്രകാരന്മാർ വീടുകളിലിരുന്ന് ചിത്രം വരയ്ക്കുന്ന ക്യാമ്പിന് ഇന്ന് തുടക്കം. കൊവിഡ്കാലത്ത് കലാകാരന്മാർക്ക് കൈത്താങ്ങായി കേരള ലളിതകലാ അക്കാഡമിയാണ് നിറകേരളം ദശദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചിത്രകാരൻമാർ ഒരേസമയം വീടുകളിലിരുന്ന് ചിത്രരചന നടത്തുന്ന രീതിയിലാണ് ക്യാമ്പിന് രൂപം നൽകിയിരിക്കുന്നത്. ചിത്രകല ജീവിതമാക്കിയവരും മറ്റു വരുമാനമില്ലാത്തവരുമായ കലാകാരന്മാരെയാണ് ക്യാമ്പിൽ തിരഞ്ഞെടുത്തിട്ടുള്ളത്. കലാകാരന്മാർക്കുള്ള പ്രതിഫലമായി 27,000 രൂപയും അക്കാഡമി നൽകുന്നുണ്ട്. ജീവിക്കുക, ജീവിക്കാൻ സഹായിക്കുക എന്ന ആശയത്തിലൂന്നിയും നിറകേരളം നിറവിന്റെ കേരളം എന്ന സന്ദേശം നൽകിയുമാണ് അക്കാഡമി ഈ ക്യാമ്പ് ഒരുക്കുന്നത്. ക്യാമ്പിൽ പൂർത്തിയാക്കപ്പെടുന്ന ചിത്രങ്ങൾ അക്കാഡമിയുടെ ശേഖരത്തിലേക്ക് മാറ്റുമെന്ന് അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മന്ത്രി എ.കെ. ബാലൻ ഓൺലൈനിൽ നിർവഹിക്കും.