പിണറായി വിജയൻ സർക്കാരിനെതിരായ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നിയോഗമുണ്ടായത് വി.ഡി. സതീശനാണ്. അവിശ്വാസപ്രമേയചർച്ചയാകുമ്പോൾ അടി, തട, പിന്നെയും അടി എന്ന ക്രമത്തിൽ തീയും പുകയുമാണ് നാട്ടുനടപ്പ്. കൊവിഡ്കാലത്ത് അതിൽ മാറ്റം പാടില്ലാത്തതിനാൽ അഴിമതിയാരോപണങ്ങൾ അവസരത്തിനൊത്തുണ്ടായി. പി.പി.ഇ കിറ്റ് വാങ്ങൽ, നെല്ല് സംഭരണം, പാതയോരത്തെ ഭൂമി സ്വകാര്യകുത്തകകൾക്ക് നൽകൽ എന്നിങ്ങനെയെല്ലാം അഴിമതിപ്പുകകൾ പ്രതിപക്ഷനേതാവും ഉപനേതാവും തൊട്ട് പലരും ഉയർത്തിക്കൊണ്ടിരുന്നു. ഉയർന്നുവന്ന പുകയിൽ കറുപ്പേത്, വെളുപ്പേത് എന്ന് നിശ്ചയമുണ്ടായിട്ടില്ല. ഇനിയീ ഡെന്മാർക്കിലെന്തെങ്കിലും ചീഞ്ഞുനാറുന്നുണ്ടോ?
പ്രമേയാവതാരകനെതിരെ ആരോപണമുന്നയിക്കാനൊരുമ്പെട്ടത് ഭരണപക്ഷത്തെ ജയിംസ് മാത്യുവാണ്. സതീശൻ വിദേശയാത്ര നടത്തി മണ്ഡലത്തിലെ ഭവനപദ്ധതിക്ക് പണം പിരിച്ചതിന് തെളിവായി ഒരു സി.ഡി അദ്ദേഹമുയർത്തിക്കാട്ടി. തന്റെ എല്ലാ പാസ്പോർട്ടും മുഖ്യമന്ത്രിയെ ഏല്പിക്കാം, വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചോളൂവെന്ന് സതീശന്റെ വെല്ലുവിളി ഉടനുണ്ടായി. ജയിംസ് മാത്യു ഏറ്റെടുത്തോയെന്നറിയില്ല.
ചക്ഷുശ്രവണ ഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നത് പോലെ എന്ന് തുഞ്ചത്തെഴുത്തച്ഛൻ പാടിയതൊന്നും സതീശൻ പാടിയില്ല. പക്ഷേ പിണറായി വിജയൻ സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിലാണിരിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി. അമിത്ഷായുടെ കക്ഷത്തിലകപ്പെട്ട സർക്കാർതലയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാനാരും മെനക്കെടേണ്ട.
പക്ഷേ സതീശൻ ആ തലയുടെ ദൈന്യാവസ്ഥ ഇപ്രകാരം വിവരിച്ചു: 'മുന്നിൽ എൻ.ഐ.എ, ഇടത്ത് കസ്റ്റംസ്, വലത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, പിന്നിൽ കേന്ദ്ര ധനകാര്യമന്ത്രാലയം, മുകളിൽ നിന്ന് സി.ബി.ഐ എപ്പോൾ വേണമെങ്കിലും ഇറങ്ങിവരാൻ പാകത്തിലും.'
നീണ്ട കൊക്ക് പോലെയുള്ള മാസ്കും തലേക്കെട്ടും ഫേസ്ഷീൽഡും അണിഞ്ഞെത്തിയ സാമാജികരിൽ പലരും നിയമസഭാതലത്തിൽ ഏതുവിധേനയും കൊവിഡിനെ തുരത്തിയേ അടങ്ങൂവെന്ന വാശിയിലായിരുന്നു. കൊവിഡിനൊപ്പം സർക്കാരിനെയും തുരത്തണമെന്ന വാശിയോടെ അവിശ്വാസപ്രമേയത്തിന് ഗാംഭീര്യം കൂട്ടാൻ ഷേക്സ്പിയർ തൊട്ട് മഹാഭാരതത്തെ വരെ സതീശൻ കൂട്ടുപിടിച്ചു. കൊവിഡ് കാലത്തെ പ്രമേയത്തിന് അതിന്റേതായ അന്തസ്സ് വേണം.
സതീശന്റെ പ്രമേയാവതരണം എന്നിട്ടും എസ്.ശർമ്മയുടെ അനുഭവത്തിൽ മല എലിയെ പ്രസവിച്ചത് പോലെയായിരുന്നു. അമിത്ഷായെ കൂട്ടുപിടിച്ച് വേണം അവിശ്വാസപ്രമേയചർച്ച നടത്താനെന്ന ദയനീയപതനത്തിലേക്കെത്തരുതെന്ന് ശർമ്മ ഉപദേശിച്ചു. തന്റെ കൈയിലിരിക്കുന്ന പതിനഞ്ച് അവതാരങ്ങളുടെ പട്ടിക വിസ്താരഭയത്താൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തുവിട്ടിട്ടില്ല. കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച ആദ്യത്തെ സർക്കാരാണിതെന്ന് കെ.എം. ഷാജി സർക്കാരിന് സാക്ഷ്യപത്രം നൽകി.
അർജുനശാപം നായയ്ക്ക് കിട്ടിയത് പോലെയാണ് 59ൽ വിമോചനസമരം നടത്തിയ കോൺഗ്രസിന് കിട്ടിയ ജനശാപമെന്നാണ് മുല്ലക്കര രത്നാകരന്റെ കടുത്തുപോയ ഉപമ. കോൺഗ്രസിന് സ്വസ്ഥമായി ഭരിക്കാനാവാത്തത് അതിനാലാണത്രെ. സതീശന്റെ അവിശ്വാസപ്രമേയം ചുരുട്ടിക്കൂട്ടി രാഷ്ട്രീയ ചവറ്റുകുട്ടയിലെറിയാൻ എ. പ്രദീപ്കുമാറിന് തോന്നി. ഷേക്സ്പിയർ ജീവിച്ചിരുന്നെങ്കിൽ ഹിപ്പോക്രിസി, ദൈ നെയിം ഇസ് ചെന്നിത്തല എന്ന് പറയുമായിരുന്നുവെന്ന് അദ്ദേഹത്തിനുറപ്പാണ്. എൽ.ഡി.എഫിന് തുടർഭരണം കിട്ടുമെന്ന ഭയം കാരണമുള്ള തുടർഭരണ ഫോബിയ ബാധിച്ചിരിക്കുകയാണ് യു.ഡി.എഫിനെന്ന് മാത്യു.ടി.തോമസ് ഡയഗ്നോസ് ചെയ്തു. സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ ലീഗ് ബന്ധം ചികയാൻ വീണജോർജ് ശ്രമിച്ചു. ലീഗ് നിരയിൽ തിരയിളക്കമുണ്ടായത് സ്വാഭാവികം.
കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണെന്നാണ് ന്യായീകരണങ്ങൾ കേട്ടിട്ട് ഷാഫി പറമ്പിലിന് തോന്നുന്നത്. ഇടതുപക്ഷവിരുദ്ധ ദുഷ്ടസഖ്യത്തിന്റെ ഉറവിടം തേടിപ്പോകുന്ന എം. സ്വരാജ് സ്ഥിരംവഴിയിലായിരുന്നു. നാലരവർഷം ഭരിച്ച ശിവശങ്കറിനെ തന്നെ ആറ് മാസത്തേക്ക് കൂടി ഭരണം ഏല്പിക്കൂവെന്ന് എം.കെ. മുനീർ പരിഹസിച്ചു.
ഭരണഘടനാപദവിയുടെ അന്തസ്സും ഔന്നത്യവും സ്പീക്കർ കാത്തില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഭവിച്ചത് സ്പീക്കറെ നീക്കാനാവശ്യപ്പെട്ടുള്ള എം. ഉമ്മറിന്റെ പ്രമേയത്തെ തടഞ്ഞതിനാലാണ്. നിങ്ങൾ വിമർശിക്കുന്നതിൽ സന്തോഷമേയുള്ളൂ, പക്ഷേ ഭരണഘടനാ വ്യവസ്ഥ മാറ്റാൻ തനിക്കാവുമോയെന്ന് സ്പീക്കർ നിഷ്കളങ്കനായി.
തിരുവനന്തപുരം വിമാനത്താവള കൈമാറ്റക്കാര്യത്തിൽ അദാനിയുമായി സർക്കാർ ഗൂഢാലോചന നടത്തിയെന്നാണ് പ്രതിപക്ഷനേതാവിന്റെ ആക്ഷേപം. അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കരുതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ കൈയോടെ ഉപദേശിച്ചു. ആധാരം രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാഫീസിലെത്തിയാൽ സഹായം തേടുന്നത് പോലെയാണ് വിമാനത്താവളക്കാര്യത്തിൽ നിയമോപദേശം തേടിയതെന്ന അദ്ദേഹത്തിന്റെ ന്യായവാദം പ്രതിപക്ഷത്തിന് ബോദ്ധ്യപ്പെട്ടോയെന്നറിയില്ല.
രാവിലെ 10.45നാരംഭിച്ച്, എട്ട് മണിക്കൂറോളം നീണ്ട അവിശ്വാസപ്രമേയ ചർച്ചയ്ക്കൊടുവിൽ മുഖ്യമന്ത്രി സംശയിച്ചു: ആരിലാണവിശ്വാസം, എന്തിലാണവിശ്വാസം!