driving-school

കോവളം: കൊവിഡ് പ്രതിസന്ധിയിൽ തലയൂരാനാകാതെ നട്ടംതിരിയുകയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ. കഴിഞ്ഞ അഞ്ചര മാസമായി ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാതെ സ്‌കൂളുകൾ അടഞ്ഞു കിടക്കുകയാണ്. ജില്ലയിൽ 540 ഡ്രൈവിംഗ് സ്‌കൂളുകളെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരത്തോളം കുടുംബങ്ങളാണ് കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് കൊവിഡിനു ശേഷം ജോലിയില്ലാത്ത സാഹചര്യമാണ്. ഡ്രൈവിംഗ് സ്‌കൂളുകളുമായി ബന്ധപ്പെട്ടു അനവധി പേർ പുറത്ത് നിന്നും പ്രവർത്തിക്കുന്നുണ്ട്. മിക്ക ഡ്രൈവിംഗ് സ്‌കൂളുകൾക്കും വാഹനങ്ങളുടെ ലോണും ഉണ്ട്. ലോക്ക് ഡൗണിനു ശേഷം വാഹന ഫിനാൻസ്, കെട്ടിട വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ നൽകാൻ കഴിഞ്ഞിട്ടില്ല. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ജീവനക്കാരും ഒരുപോലെ പ്രതിസന്ധിയിലുമാണ്. കൃത്യമായി പ്രവർത്തിപ്പിക്കാത്തതിനാൽ പല വാഹനങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നാണ് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.

ഭാരവാഹികളുടെ ആരോപണം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നിലച്ചതോടെ ലൈസൻസിനായി കാത്തിരിക്കുന്നത് 7 ലക്ഷത്തോളം പേരാണ്

 മാർച്ചിനു മുൻപ് എടുത്ത ലേണേഴ്സ് ലൈസൻസുകളുടെ കാലാവധി സെപ്തംബർ 30 വരെ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്

 ഇതുകഴിഞ്ഞാൽ 150 രൂപ ഫീസടച്ച് ലേണേഴ്സ് പുതക്കേണ്ടിവരും

ഡ്രൈവിംഗ് സ്‌കൂളുകൾ ട്രെയിനിംഗ് സെന്റർ പട്ടികയിലാണ് വരുന്നത്

 ഇത് സ്‌കൂൾ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ഇപ്പോഴും കർക്കശമായ നിയന്ത്രങ്ങൾ അടിച്ചേൽപ്പിക്കുകയാണ്