aug24d

ആ​റ്റിങ്ങൽ: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും ഇളമ്പ വില്ലേജോഫീസിനാവശ്യമായ തസ്തികകൾ അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ധനകാര്യവകുപ്പിന്റെ എതിർപ്പാണ് തസ്തിക സൃഷ്ടിക്കുന്നതിന് തടസമെന്നാണ് അറിയുന്നത്. ജീവനക്കാരെ താലൂക്കോഫീസിൽ നിന്ന് ക്രമീകരിച്ചാണ് ഈ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുമാണ്. കെട്ടിടം പണി കഴിഞ്ഞ് വളരെക്കാലം ഇത് കാടുകയറി ഇഴജന്തുക്കളുടെ താവളമായി കിടന്നിരുന്നു. നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പരിശ്രമത്തിനൊടുവിലാണ് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. അതോടെ നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കരുതിയത്. എന്നാൽ ആവശ്യത്തിന് തസ്തികകൾ അനുവദിക്കാതെ ഈ സ്ഥാപനത്തെ വീണ്ടും വിഷമ സന്ധിയിലാക്കുകയാണ് അധികൃതർ. അധിക സാമ്പത്തിക ബാദ്ധ്യത ഉയർത്തിക്കാട്ടിയാണ് ധനവകുപ്പ് ജീവനക്കാരെ നിയമിക്കാൻ തടസം പറയുന്നത്.