road

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ വെറ്റക്കട -അപ്പോളോ - പനമുട്ടം - മൻഷാലയം റോഡ് യാത്രക്കാർക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം. വർഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടക്കുന്ന റോഡിലൂടെ കാൽനടയാത്രപോലും ദുഷ്കരമാണ്. റോഡിന്റെ ഇരുവശവും കാടുമൂടി ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണ്. റോഡിനോട് ചേർന്നുള്ള കാട് മാലിന്യം തള്ളാനുള്ള കേന്ദ്രവും.

നിരവധിപേരാണ് റോഡിനെ ആശ്രയിച്ച് യാത്രചെയ്യുന്നത്. ഇടവ, കാപ്പിൽ കടൽതീരങ്ങളിൽ നിന്ന് മാന്തറ വഴി വേഗത്തിൽ വർക്കല പാപനാശത്തെത്താനുള്ള തീരദേശ റോഡിന്റെ ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്.

ഇടവ മുസ്ലിം ഹയർസെക്കൻഡറി സ്കൂൾ, ലിറ്റിൽ ഫ്ലവർ സ്കൂൾ എന്നീ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർത്ഥികൾ സഞ്ചരിക്കേണ്ടത് റോഡിലെ ചെളിക്കുണ്ട് കടന്നാണ്. റെയിൽവേ ഗേറ്റുകളുടെ തടസങ്ങളില്ലാതെ വർക്കല നിന്ന് ഇടവയിൽ എത്തിച്ചേരാനുള്ള സമാന്തരപാതയായിട്ടും റോഡിനോട് തുടരുന്ന അവഗണനയിൽ കടുത്ത പ്രതിഷേധമുണ്ട്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായിപോലും റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിത്തെളിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.