തിരുവനന്തപുരം: അഴിമതിക്കാർക്കും കൊള്ളക്കാർക്കും കുട പിടിക്കുന്ന സർക്കാരാണിതെന്ന് നിയമസഭയിൽ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മന്ത്രിമാർക്ക് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ല. എല്ലാമറിയുന്നത് ശിവശങ്കറിനും സ്വപ്നയ്ക്കും ചില ഉദ്യോഗസ്ഥന്മാർക്കും മാത്രം. മുമ്പ് എൽ.ഡി.എഫ് സർക്കാരുകൾക്കെതിരായ വിമർശനം ഭരണം എ.കെ.ജി സെന്ററിൽ നിന്ന് പാർട്ടി നടത്തുന്നുവെന്നായിരുന്നു. എന്നാലിന്ന് പാർട്ടിയെ നോക്കുകുത്തിയാക്കി ഒരു വ്യക്തിയും ഉപജാപ സംഘവുമാണ് ഭരിക്കുന്നത്. പിണറായി വിജയന് ജനങ്ങളുടെയിടയിൽ റേറ്റിംഗ് കുറഞ്ഞു.
സ്പ്രിൻക്ലർ ആരോപണത്തിൽ സംശയമുന്നയിച്ച സി.പി.ഐ സെക്രട്ടറിയെ കാണാൻ ശിവശങ്കറെ വിട്ടു. അയാളെ പുറത്താക്കണമെന്നാണ് സി.പി.ഐ ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. മുഖ്യമന്ത്രി പറഞ്ഞത് അയാൾ സത്യസന്ധനാണെന്നാണ്. ഇപ്പോഴും അങ്ങനെയാണോ അഭിപ്രായം. യു.എസ് മുതലാളിക്ക് കേരളത്തിലെ ജനങ്ങളുടെ ഡേറ്റ വിറ്റ് കാശാക്കി. മണൽക്കടത്തിനാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഹെലികോപ്ടറിൽ പോയത്. മണ്ണെടുക്കാനനുവദിക്കില്ലെന്ന് മന്ത്രി രാജുവും മണ്ണെടുക്കുമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഒടുവിൽ രാജു പറഞ്ഞത് നടന്നു. ഇ.ബസ് പദ്ധതിയിൽ 6000 കോടിക്ക് 3000 ബസ് വാങ്ങാനുള്ള നീക്കം ഗതാഗത മന്ത്രി അറിയാതെയായിരുന്നു. എല്ലാ കാര്യത്തിനും കൺസൾട്ടന്റുമാരായി പി.ഡബ്ളിയു.ഡിയെയും കെ.പി.എം.ജി.യെും കൊണ്ടുവന്നു. കൺസൾട്ടന്റുമാരെ മാറ്റില്ലെന്ന് മന്ത്രി ബാലൻ പറയുന്നു. കമ്മിഷൻ പറ്റുന്നവർക്ക് എങ്ങനെ അവരെ ഒഴിവാക്കാനാവും.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എൻ.ഐ.എ വരുന്നു. സ്വപ്നമാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിയതിന്റെ തെളിവ് മറയ്ക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ നൽകുന്നില്ല. ക്ലിഫ് ഹൗസിൽ മാത്രം ഇടിവെട്ടിയെന്ന് പറഞ്ഞ് കളിപ്പിക്കാൻ നോക്കേണ്ട. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന് വന്നപ്പോഴാണ് ശിവശങ്കറിനെതിരെ നടപടിയെടുത്തത്. എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെയും ഓഫീസാണ്. യു.എ.ഇയിൽ ലൈഫ് മിഷൻ കരാറ് വയ്ക്കാൻ ശിവശങ്കരനും സ്വപ്നയ്ക്കുമെന്തു കാര്യം.ഈ കരാറിൽ 4.25 കോടി കമ്മിഷൻ വാങ്ങിയതാരെന്ന് വ്യക്തമാക്കണം. രണ്ടാം ലാവലിനാണിത്. ചരിത്രത്തിലെ ഏറ്റവും തീവെട്ടിക്കൊള്ള നടത്തിയ സർക്കാരാണിത്. മുഖ്യമന്ത്രിയുടെ കൈകൾ പരിശുദ്ധമല്ല. അറേബ്യയിൽ നിന്ന് മുഴുവൻ സുഗന്ധം കൊണ്ടുവന്നാലും ഈ സർക്കാരിന്റെ നാറ്റം മാറില്ല- ചെന്നിത്തല പറഞ്ഞു.