തിരുവനന്തപുരം:കശുഅണ്ടി തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും ഈ വർഷത്തെ ബോണസ് അഡ്വാൻസായി 9500 രൂപ 27നകം വിതരണം ചെയ്യും. 20 ശതമാനമാണ് ബോണസ്. മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയുടെ അദ്ധ്യക്ഷതയിൽ നടന്ന വ്യവസായബന്ധ സമിതി യോഗത്തിലാണ് തീരുമാനം.
ആഗസ്റ്റ് 15ന്റെയും തിരുവോണത്തിന്റെയും ഉത്സവ അവധി ശമ്പളം ബോണസ് അഡ്വാൻസിനോടൊപ്പം നൽകും.2020 വർഷത്തേക്ക് നിശ്ചയിച്ച ബോണസ് എക്സ്‌ഗ്രേഷ്യ നിരക്കനുസരിച്ചുളള തുക അഡ്വാൻസ് ബോണസിൽ നിന്നു കിഴിച്ച് 2021 ജനുവരി 31 ന് മുമ്പ് തൊഴിലാളികൾക്ക് വിതരണം ചെയ്യും. 2020 ഡിസംബറിൽ കണക്കാക്കുന്ന ബോണസ് തുകയെക്കാൾ കൂടുതലാണ് കൈപ്പറ്റിയ അഡ്വാൻസ് എങ്കിൽ അധികമുളള തുക ഓണം ഇൻസെന്റീവായി കണക്കാക്കും.
കശുഅണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാർക്ക് ജൂലായ് മാസത്തെ ശമ്പളം അടിസ്ഥാനമാക്കി മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നൽകും. 2020 ജൂലായ് 31 വരെയുളള കാലയളവിൽ 75 ശതമാനം ഹാജർ ഉളളവർക്ക് മുഴുവൻ ബോണസ് അഡ്വാൻസും അതിൽ കുറവ് ഹാജർ ഉളളവർക്ക് ആനുപാതികമായി ബോണസും അഡ്വാൻസും നൽകും.