മുടപുരം: ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നലെ 282 പേർക്ക് നടത്തിയ കൊവിഡ് പരിശോധനയിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

അഞ്ചുതെങ്ങിൽ മത്സ്യകച്ചവടത്തിനു പോകുന്ന സ്ത്രീകൾക്കായി 3 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 18പേർക്ക് രോഗം കണ്ടെത്തി. 199 പേരെയാണ് ഇവിടെ പരിശോധിച്ചത്. അഞ്ചുതെങ്ങ് പൊലീസ് ഇൻസ്‌പെക്ടർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാമ്പള്ളിയിൽ സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ 75 പേരെ പരിശോധിച്ചതിൽ 12 പേർക്കും അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂളിൽ 74 പേരെ പരിശോധിച്ചതിൽ 6 പേർക്കും രോഗമുള്ളതായി കണ്ടെത്തി. പൂത്തുറ സെന്റ് ജോസഫ് ക്ലൂണി സ്കൂളിൽ 50 പേരെ പരിശോധിച്ചതിൽ ആർക്കും രോഗബാധയില്ല. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 83 പേരെ പരിശോധിച്ചതിൽ ഒരാൾക്കാണ് രോഗബാധ.