satheesan

തിരുവനന്തപുരം: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിടപാടിൽ പുറത്തുവന്ന 4.25 കോടിക്ക് പുറമെ, മറ്റൊരു അഞ്ച് കോടിയുടെ കൂടി കമ്മിഷൻ കൈപ്പറ്റിയിട്ടുണ്ടെന്ന് നിയമസഭയിൽ . സർക്കാരിനെതിരായ അവിശ്വാസപ്രമേയം അവതരിപ്പിച്ച വി.ഡി. സതീശൻ ആരോപിച്ചു.

ബെവ്ക്യു ആപ്പ് തയാറാക്കിയ ആളുമായി ഈ അഞ്ച് കോടിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ സർക്കാർ തയാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇരുപത് കോടിയുടെ പദ്ധതിയിൽ ഒമ്പതേകാൽ കോടിയും കമ്മിഷൻ തുകയാണെന്നത് ദേശീയ റെക്കോർഡാണ്. പദ്ധതിയുടെ നാല്പത്തിയാറ് ശതമാനവും കൈക്കൂലിക്കായി ചെലവിടുകയാണ്. കൈക്കൂലി മിഷനായി ലൈഫ് മിഷനെ മാറ്റി.

ഷേക്സ്പിയറുടെ ജൂലിയസ് സീസറിൽ മാർക്ക് ആന്റണി പറഞ്ഞ 'ഹി ഇസ് ആൻ ഓണറബിൾ മാൻ' (അദ്ദേഹം ആദരണീയനാണ്) എന്ന പ്രയോഗം മുഖ്യമന്ത്രിക്കും ചേരും .ഈ ഭരണക്കപ്പൽ ചുഴിയിലും തിരയിലും ആടിയുലയുകയാണ്. കപ്പിത്താന്റെ കാബിനിൽ തന്നെയാണ് പ്രധാന പ്രശ്നം. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ച് തന്നെ കള്ളക്കടത്ത് മാഫിയ പ്ലാൻ ആസൂത്രണം ചെയ്തു. മാഫിയയിലെ പ്രധാനി പിൻവാതിലിലൂടെ 1.17ലക്ഷം രൂപ ശമ്പളത്തിന് ഐ.ടി വകുപ്പിൽ കയറിപ്പറ്റി. അവർക്കും അവരെ അതിലെത്തിക്കാൻ കളമൊരുക്കിയ കൺസൾട്ടൻസിക്കുമായി 2.70ലക്ഷം രൂപയാണ് പ്രതിമാസം ചെലവഴിച്ചത്. അവർ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്തു. ആ ഓഫീസിൽ എല്ലാമറിയുന്ന ഒരാളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ മന്ത്രിമാരെല്ലാം ദുഷ്ടൻ, ദുർഗന്ധം പരത്തുന്നവൻ എന്നെല്ലാം അയാളെ വിളിക്കുകയാണ്.

വിദേശ കോൺസുലേറ്റുമായി വാട്സാപ്പ് ഇടപാട് നടത്തി സക്കാത്ത് കിറ്റ് വാങ്ങിയെടുത്തയാളാണ് മന്ത്രി ജലീൽ. കള്ളത്തട്ടിപ്പിനല്ല വിശുദ്ധ ഗ്രന്ഥത്തെ മറയാക്കേണ്ടത്. കമ്മിഷൻ ഏജന്റുമാരും അവതാരങ്ങളും ഇടനിലക്കാരുമെല്ലാം അധികാരത്തിന്റെ ഇടനാഴികളിലൂടെ അലഞ്ഞു നടക്കുന്ന കെട്ട കാലമാണിത്. സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിൽ നടന്ന കൺസൾട്ടൻസി രാജിനെക്കുറിച്ച് ധവളപത്രമിറക്കണം. സർക്കാരിന്റെ ദുഷ്ച്ചെലവുകളൊന്നും സൂക്ഷ്മപരിശോധന നടത്താനാവാതെ ഇരിക്കുകയാണ് ധനമന്ത്രി. ഹസ്തിനപുരത്ത് ചൂതിന് പോയ യുധിഷ്ഠിരനെപ്പോലെ സെക്രട്ടേറിയറ്റിനെയും നിയമസഭയെയും എം.എൽ.എമാരെയും പണയം വച്ച് ധനമന്ത്രി കടം വാങ്ങുമെന്നതാണ് അവസ്ഥ- സതീശൻ കുറ്റപ്പെടുത്തി.