തിരുവനന്തപുരം: നാല് വർഷം കൊണ്ട് വിസ്മയകരമായ നേട്ടങ്ങളിലൂടെ ദേശീയ അന്തർദ്ദേശീയ തലത്തിൽ പല കാര്യങ്ങളിലും കേരളം നമ്പർ വൺ ആയി മാറിയതാണ് പ്രതിപക്ഷത്തിന്റെ മന:സമാധാനം കെടുത്തുന്നതെന്ന് നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
തുടർച്ചയായ ദുരന്തങ്ങൾക്കിടയിലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന സർക്കാർ പുറത്തു പോകണമെന്നാണോ പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ജനങ്ങൾ ഇതാഗ്രഹിക്കുന്നില്ല.
സർക്കാർ മതനിരപേക്ഷ മൂല്യങ്ങൾ മുറുകെപ്പിടിച്ചു. ദളിതരെ അമ്പലങ്ങളിലെ ശാന്തിക്കാരാക്കി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ, ഇവിടെ എല്ലാ പ്രധാന വിഷയങ്ങളിലും സർവകക്ഷി യോഗം നടത്തുന്നു. . കർഷകർക്ക് മികച്ച വരുമാനം ഉറപ്പു വരുത്തുന്നു. ആദിവാസികൾക്ക് റെക്കാർഡ് പട്ടയ വിതരണം നടത്തി. തദ്ദേശ സ്ഥാപന പദ്ധതി വിഹിതം 90 ശതമാനം ചെലവിടുന്നു.
കേന്ദ്രത്തിൽ എട്ട് ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ ഇവിടെ1.3 ലക്ഷം തസ്തികകളിൽ നിയമനം നടത്തി. സാമൂഹ്യസുരക്ഷാ പെൻഷൻ 1300 രൂപയാക്കി . . ദേശീയപാതാ വികസനത്തിന് പതിനായിരം കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതിയായി.തലശേരി മാഹി ബൈപ്പാസ് ഉടൻ പൂർത്തിയാവും. ആലപ്പുഴ ബൈപ്പാസ് അന്തിമഘട്ടത്തിലാണ്. കൊല്ലം ബൈപ്പാസ് പൂർത്തിയാക്കി.
കെ-ഫോൺ
ഡിസംബറിൽ
കെ-ഫോൺ പദ്ധതി വഴി അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കും. കേരളത്തിലുടനീളം ഒപ്ടിക്കൽ ഫൈബർ കേബിൾ ശൃംഖല സൃഷ്ടിക്കും. എല്ലാ മൊബൈൽ ടവറുകളും ഇതിൽ ബന്ധിപ്പിക്കും. മൊബൈൽ, ഇന്റർനെറ്റ് സേവനം മെച്ചപ്പെടും. നിലവിലെ സേവനദാതാക്കൾക്ക് പ്രശ്നമുണ്ടാവില്ല.
കെ-ഫോൺ പ്രയാസം സൃഷ്ടിക്കുന്നത് റിലയൻസിനാണ്. ഇന്റർനെറ്റ് അവകാശമായി മാറും. ചെറുകിട കേബിൾ ടിവി സംരംഭകർക്ക് മുൻഗണന നൽകും. കെ.എസ്.ഇ.ബിക്ക് 49ശതമാനം പങ്കാളിത്തമുണ്ട്. 49% ലാഭവിഹിതം ലഭിക്കും.
തൊഴിലില്ലായ്മ പരിഹരിക്കാൻ ഐടി വികസനം നടപ്പാക്കി. 52.44ലക്ഷം ചതുരശ്രഅടി ഐ.ടി സ്പേസുണ്ടാക്കി. 252 ഐടി കമ്പനികൾ പുതുതായി വന്നു. യുവാക്കൾക്ക് ഐടിയിൽ തൊഴിലവസരം കൂട്ടി. സ്റ്റാർട്ട് അപ്പുകൾ അന്തർദേശീയ അംഗീകാരം നേടി. 300ൽ നിന്ന് സ്റ്റാർട്ടപ്പുകൾ 2200 ആയി വർദ്ധിച്ചു. വരുമാനം 207കോടിയിൽ നിന്ന് 1200കോടിയായി. 739 കോടി കോർപ്പസ് ഫണ്ടിനത്തിൽ ലഭിച്ചു. അനാവശ്യ വിവാദങ്ങളുണ്ടാക്കി നാടിന്റെ വികസനം തടസപ്പെടുത്തരുത്-മുഖ്യമന്ത്രി പറഞ്ഞു.