തിരുവനന്തപുരം: നഗരത്തിലെ പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ശ്രീകണ്ഠേശ്വരം ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. കുളം നവീകരിക്കുന്നതോടൊപ്പം നിലവിലുള്ള കുളിപ്പുരയുടെ ഘടന സാംസ്‌കാരിക കേന്ദ്രമാക്കി പുനർ രൂപകല്പന ചെയ്‌തിട്ടുണ്ട്. ദൈനംദിന ആചാരാനുഷ്ഠാനങ്ങൾ, വേദക്ലാസ്, ചുറ്റുമുള്ള താമസക്കാർക്ക് പൊതുവായി ഒത്തുചേരാനുള്ള സ്ഥലം എന്നിവയ്ക്കായി പ്രത്യേക ഇടങ്ങൾ സാസ്‌കാരിക കേന്ദ്രത്തിലുണ്ടായിരിക്കും. കൂടുതൽ സുരക്ഷയ്ക്കായി കുളത്തിനു ചുറ്റുമുള്ള മതിലുകളുടെ ഉയരം വർദ്ധിപ്പിക്കും. പരമ്പരാഗത രീതിയിലുള്ള പോൾ ലൈറ്റുകൾ സ്ഥാപിക്കും. കുളത്തിനു ചുറ്റുമുള്ള നടപ്പാതയും നവീകരിക്കുന്നുണ്ട്. പുത്തൻചന്ത ബാലസുബ്രഹ്മണ്യ ക്ഷേത്രക്കുളത്തിന്റെ നവീകരണവും ഇതൊടൊപ്പം നടക്കും. 99 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. നഗരത്തിന്റെ പൗരാണിക പ്രതാപം വീണ്ടെടുക്കുകയാണ് ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നതെന്ന് മേയർ പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പാളയം രാജൻ, വഞ്ചിയൂർ പി. ബാബു, എസ്. പുഷ്‌പലത, സ്‌മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്‌ണ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു എന്നിവർ പങ്കെടുത്തു.