വർക്കല: പുന്നമൂട് മാർക്കറ്റിൽ മത്സ്യവ്യാപാരമടക്കം 26 മുതൽ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കാൻ നഗരസഭയിൽ ചേർന്ന സംയുക്ത യോഗത്തിന്റെ തീരുമാനം. മാർക്കറ്റിനകത്തേക്കും പുറത്തേക്കും ജനങ്ങൾക്ക് പ്രവേശിക്കാൻ പ്രത്യേക സംവിധാനം ഏർപെടുത്തും. മത്സ്യക്കച്ചവടം നടത്തുന്നവർ ഉൾപ്പടെ എല്ലാ വ്യാപാരികളും നഗരസഭ സജ്ജീകരിക്കുന്ന കൗണ്ടറിൽ പേര് രജിസ്റ്റർ ചെയ്യണം. കച്ചവടക്കാർക്ക് നൽകുന്ന ടോക്കൺ, കൗണ്ടർ നമ്പരുകൾ കൃത്യമായും പ്രദർശിപ്പിക്കണം. വില്പനയ്ക്കെത്തിക്കുന്ന മത്സ്യത്തിൽ യാതൊരു കാരണവശാലും മണ്ണ്, മണൽ തുടങ്ങിയവ കലർത്താൻ പാടില്ല.
പുന്നമൂട് ജംഗ്ഷൻ മുതൽ കുരയ്ക്കണ്ണിയിലേക്ക് പോകുന്ന റോഡുവരെ വഴിയോര കച്ചവടം അനുവദിക്കില്ല. ഐ.ടി.ഐ റോഡിന്റെ വശങ്ങൾ വഴിയോര വാണിഭത്തിന് ഉപയോഗിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ള മത്സ്യം മാർക്കറ്റിനുളളിൽ പ്രവേശിപ്പിക്കില്ല. ഒരു ജെ.എച്ച്.ഐക്കും രണ്ട് സഹായികൾക്കുമായിരിക്കും മാർക്കറ്റിന്റെ ചുമതല. ജനങ്ങളെ നിയന്ത്റിക്കുവാൻ സ്ഥിരമായി അനൗൺസ്‌മെന്റ് സംവിധാനവും പൊലീസിനൊപ്പം എൻ.സി.സി, എൻ.എസ്.എസ് വോളന്റിയർമാരും ഉണ്ടായിരിക്കും. ചെയർപേഴ്സൺ ബിന്ദു ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ എസ്. അനിജോ, സെക്രട്ടറി സജി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു, കൗൺസിലർ പ്രിയ ഗോപൻ, എച്ച്.ഐ സന്തോഷ്, പൊലീസ് ഉദ്യോഗസ്ഥർ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.