muneer-

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മറവിൽ ഉപകരണങ്ങൾ വാങ്ങുന്നതിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അഴിമതി നടത്തിയെന്ന് അവിശ്വാസപ്രമേയ ചർച്ചയിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിന്റെ ആരോപണം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപകരണങ്ങൾ വാങ്ങാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ നടപടികളൊഴിവാക്കി 300 കോടി രൂപയാണ് നൽകിയത്. പൊതുവിപണിയിൽ 350- 500 രൂപ വിലയുള്ള പി.പി.ഇ കിറ്റുകൾ 1550 രൂപ നിരക്കിലാണ് വാങ്ങിയത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ 350 രൂപാ നിരക്കിലും വാങ്ങി. ഇതിൽ വൻ ക്രമക്കേടുണ്ട്. 1950 രൂപ വിലയുള്ള ഇൻഫ്രാറെഡ് തെർമോമീറ്റർ 5000 രൂപ നിരക്കിൽ വാങ്ങി. ആരോഗ്യപ്രവർത്തകരുടെ ശമ്പളം നൽകാതെയും ഉള്ള ശമ്പളം വെട്ടിക്കുറച്ചുമാണ് ഇത്രയും നഷ്ടം വരുത്തിയത്. എ.ആർ.എസ് ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ട് ടെക്നോളജിയുമായുള്ള കരാറിന്റെ മറവിൽ സംസ്ഥാന പൊലീസ് മേധാവിയും ക്രമക്കേട് നടത്തുകയാണെന്ന് മുനീർ ആരോപിച്ചു.

എന്നാൽ, സർക്കാർ നിയമപരമായ മാർഗത്തിലൂടെയാണ് പർച്ചേസ് നടത്തുന്നതെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര ഏജൻസികളായ ഡി.ആർ.ഡി.ഒയുടെയും സിൻഡ്രയുടെയും മാനദണ്ഡങ്ങളനുസരിച്ചുള്ള പർച്ചേസാണ് നടത്തിയത്. പി.പി.ഇ കിറ്റിന്റെ ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. ചില ഘട്ടങ്ങളിൽ ഷോർട്ട് ടെൻഡർ മുഖേനയും പർച്ചേസ് ചെയ്യുന്നു. ഇ- മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ തുകയ്ക്കാണ് ഇവ വാങ്ങുന്നത്. പി.പി.ഇ കിറ്റുകൾ വാങ്ങാൻ 157 കോടി രൂപയാണ് ഇതുവരെ ചെലവാക്കിയത്.